കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലാ ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് ക്യാമ്പുകള്‍ ഒരുക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട തഹസിൽദാർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘നഗരങ്ങളില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ പരിശോധിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വെള്ളം ഉയര്‍ന്നാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യത്തിന് ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രകൃതിക്ഷോഭം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് വിഭാഗങ്ങള്‍ സജ്ജമാണ്’, മുഹമ്മദ് റിയാസ് പറഞ്ഞു.
‘ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. മണ്ണിടിച്ചില്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാവണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വാഹനങ്ങളുമായി ആളുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാല്‍ സ്വയം നിയന്ത്രണങ്ങള്‍ സ്വീകരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം’, മന്ത്രി കൂട്ടിച്ചേർത്തു.
കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകൾ
കോഴിക്കോട് -0495 2372966, കൊയിലാണ്ടി- 0496 2620235, വടകര- 0496 2522361, താമരശ്ശേരി- 0496 2223088, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം- 0495 2371002. ടോള്‍ഫ്രീ നമ്പര്‍ – 1077.
Post Your Comments