കണ്ണൂർ: പ്രതിപക്ഷത്തിനൊപ്പം ചേർന്ന് സർക്കാരിനെ വിമർശിക്കുന്ന ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്ന് സിപിഎം. ഭരണപക്ഷ എംഎൽഎമാർക്ക് പെരുമാറ്റച്ചട്ടം വേണമെന്നും സിപിഎം എൽഡിഎഫിൽ ആവശ്യമുന്നയിച്ചു. വരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാനാണ് സിപിഎം നീക്കം.
നിയമസഭയ്ക്കുള്ളിലെ ഭരണപക്ഷ എംഎൽഎമാരുടെ വിമർശനങ്ങൾ സർക്കാരിന് ക്ഷീണം ഉണ്ടാക്കുന്നതായാണ് പാർട്ടി വിലയിരുത്തുന്നത്. സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളെ നിയമസഭയ്ക്കുള്ളിലും പുറത്തും ചില ഭരണകക്ഷി എംഎൽഎമാർ വിമർശിച്ചത് സർക്കാരിനെത്തന്നെ പ്രതികൂട്ടിലാക്കിയതായും സിപിഎം അഭിപ്രായപ്പെട്ടു. തുടർന്നാണ് ഘടകകക്ഷികൾ ഉൾപ്പെടെയുള്ള എംഎൽഎമാരുടെ അഭിപ്രായ പ്രകടനത്തിൽ നിയന്ത്രണം വേണമെന്ന് സിപിഎം ആവശ്യപെട്ടത്.
സംസഥാനത്ത് വൻ മയക്കുമരുന്ന് വേട്ട: പിടിച്ചത് വിവിധയിനം ലഹരികൾ, യുവതികൾ ഉൾപ്പെടെ ഏഴുപേർ പിടിയിൽ
നേരത്തെ നിയമസഭയിൽ ഗണേശ് കുമാർ എംഎൽഎ കിഫ്ബി പദ്ധതികളിൽ കാലതാമസം ഉണ്ടാകുന്നതിനെതിരേ വൈകാരികമായി പ്രതികരിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന് എതിരെയായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം. ഇതിനെ പിന്തുണച്ച് എ.എൻ. ഷംസീർ എംഎൽഎയും രംഗത്തുവന്നിരുന്നു.
പ്ലസ്ടു വിഷയത്തിൽ പ്രതിപക്ഷ ആവശ്യത്തെ പിന്തുണച്ച കെ.കെ ശൈലജ എംഎൽഎ നിയമസഭയിൽ പ്രസംഗിച്ചതും സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. നേരത്തെ കോവിഡ് പ്രതിസന്ധിയിലും സർക്കാരിനെ സമ്മർദത്തിലാക്കി ശൈലജ നിലപാടെടുത്തതും സിപിഎമ്മിൽ ചർച്ചയായിരുന്നു. ഭരണപക്ഷ എംഎൽഎമാരുടെ ഇത്തരം അഭിപ്രായ പ്രകടനങ്ങളിൽ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം രംഗത്തു വന്നിട്ടുള്ളത്.
Post Your Comments