ന്യൂഡല്‍ഹി: രാമേശ്വരത്തെ പുത്തന്‍ പാമ്പന്‍ പാലമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കപ്പലുകള്‍ വരുമ്പോള്‍ പാലം രണ്ടായി വഴി മാറും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ് പാലമാണിത്. പാലത്തിന്റെ മദ്ധ്യഭാഗം പൂര്‍ണമായും ഉയര്‍ത്തിക്കൊണ്ടാണ് കപ്പലുകള്‍ക്ക് കടന്നുപോകുന്നതിന് വഴിയൊരുക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്റെ മദ്ധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള പാലം നിര്‍മ്മിക്കുന്നത്.
പാലത്തിന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 104 വര്‍ഷം പഴക്കമുള്ള പാമ്പന്‍ പാലത്തിന് പകരമായിട്ടാണ് 250 കോടി രൂപ ചെലവിട്ട് പുതിയ പാലം നിര്‍മ്മിക്കുന്നത്. 2.05 കിലോമീറ്ററില്‍ ഇരട്ടപ്പാതയായിട്ടാണ് പാലം നിര്‍മ്മിക്കുന്നത്. രാമേശ്വരത്തെ മണ്ഡപവുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന് 101 പില്ലറുകളാണുള്ളത്. നിലവിലെ പാലത്തിനേക്കാള്‍ മൂന്ന് മീറ്റര്‍ അധികം ഉയരമുള്ളതാണ് പുതിയ പാലത്തിന്റെ പില്ലറുകള്‍.
അതിനാല്‍ തന്നെ ബോട്ട് ഗതാഗതം സുഗമമാക്കുന്ന രീതിയിലാണ് നിര്‍മ്മാണം. കപ്പലുകള്‍ക്ക് കടന്നുപോകുന്നതിന് 63 മീറ്റര്‍ നാവിഗേഷണല്‍ സ്പാന്‍ പുതിയ പാലത്തിനുള്ളപ്പോള്‍ പഴയ പാലത്തിന് ഇത് 22 മീറ്റര്‍ മാത്രമേയുള്ളൂ. പാലത്തിന്റെ 63 മീറ്റര്‍ ഭാഗമാണ് ചെറിയ കപ്പലുകള്‍ക്ക് വഴിയൊരുക്കാനായി ഉയര്‍ത്താന്‍ സാധിക്കുന്നത്. നിലവിലെ പാലത്തിലെ ലിഫ്റ്റ് സാങ്കേതിക വിദ്യയിലൂടെ തിരശ്ചീനമായി പാലം മാറി കപ്പലുകള്‍ കടന്നുപോയിരുന്നെങ്കില്‍ പുതിയ പാലത്തില്‍ ഇത് ലംബമായി കുത്തനെ മുകളിലേയ്ക്കാണ് നീങ്ങുക. പാലത്തിന്റെ ഇരുവശങ്ങളിലേയും സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.
2019 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലത്തിന് തറക്കല്ലിട്ടത്. തുരുമ്പ് പിടിക്കാത്ത സ്റ്റീല്‍ റീ ഇന്‍ഫോഴ്സ്മെന്റ്, കോമ്പോസിറ്റ് സ്ലീപ്പേഴ്സ്, കട്ടിംഗ് എഡ്ജ് സാങ്കേതികത, ദീര്‍ഘകാലം നിലനില്‍ക്കുന്ന പെയിന്റിംഗ് എന്നിവയും പാലത്തിന്റെ പ്രത്യേകതയാണ്. 1914ല്‍ പ്രവര്‍ത്തനസജ്ജമായ പഴയ പാമ്പന്‍പാലം രാജ്യത്തെ ആദ്യത്തെ കടല്‍പ്പാലമാണ്. മൂന്ന് വര്‍ഷം കൊണ്ടായിരുന്നു പഴയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. 2010 ല്‍ ബാന്ദ്ര-വര്‍ളി പാലം പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലവും ഇതായിരുന്നു.
Post Your Comments