ന്യൂഡൽഹി: മലയാളി വിദ്യാർത്ഥികൾക്കെതിരെ മാർക് ജിഹാദ് ആരോപണം ഉന്നയിച്ച ഡൽഹി സർവകലാശാല പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയ്‌ക്കെതിരെ വ്യാപക വിമർശനവുമായി കേരളം. വംശീയച്ചുവയുള്ള പരാമർശമാണ് പ്രൊഫസർ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആരാണ് രാകേഷ് കുമാർ പാണ്ഡെയെന്ന് സമൂഹ മാധ്യമങ്ങളിൽ തിരയുന്നവരും നിരവധിയാണ്. ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കിരൊരി കോളേജിലെ ഫിസിക്സ് അസോസിയേറ്റ് പ്രൊഫസറാണ് രാകേഷ് കുമാർ പാണ്ഡെ.
കേരളത്തിൽ നിന്നെത്തുന്ന കുട്ടികൾക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാൻ പറ്റുന്നില്ല. എന്നിട്ടും ഇവർ ഇത്തരം യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുക്കുന്നതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനുദാഹരണായി ചൂണ്ടിക്കാട്ടുന്നത് ജെഎൻ.യു സർവകലാശാലയാണ്. ഇടതുപക്ഷം ജെഎൻയു കൈയ്യടക്കിയതു പോലെ ഡൽഹി സർവകലാശാലയും കൈയടക്കാനുള്ള ശ്രമമാണെന്ന് രാകേഷ് പാണ്ഡെ പറയുന്നു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ കൈപ്പിടിയിലാക്കാൻ കേരളത്തിൽ നിന്നും മാർക് ജിഹാദ് നടക്കുന്നുണ്ടെന്നാണ് രാകേഷ് കുമാർ പാണ്ഡെയുടെ ആരോപണം. ഇടതുപക്ഷ കേന്ദ്രമായി അറിയപ്പെടുന്ന കേരളം എല്ലാ കുട്ടികൾക്കും ആവശ്യത്തിലധികം മാർക്ക് നൽകി ഡൽഹി യൂണിവേഴ്സിറ്റിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് രാകേഷ് കുമാർ പാണ്ഡെ സനൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ന്യൂനപക്ഷം ഹിന്ദുക്കളല്ലെങ്കിൽ അവരെ വിശ്വസിക്കരുതെന്നാണ് രാകേഷ് പാണ്ഡെയുടെ തന്നെ ഒരു ട്വീറ്റ്.
Post Your Comments