തിരുവനന്തപുരം: ഉക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും എംബസിയുടേയും സഹായം അഭ്യർത്ഥിച്ചതായി നോർക്ക. നേരത്തെ കേന്ദ്രം ഉക്രെയ്നിൽ ഉള്ള വിദ്യാർത്ഥികളോട് ഉടൻ മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സര്‍വകലാശാലകളില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കുമെന്ന ഉറപ്പിനായി കാത്തിരുന്ന വിദ്യാര്‍ഥികളെല്ലാം ഇപ്പോള്‍ ആശങ്കയിലാണ്. ഇവർക്ക് എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്നാണ് ഇപ്പോൾ ആഗ്രഹം.
ഉക്രെയ്നിലെ സ്ഥിതിഗതികൾ ഓരോ നിമിഷവും കൂടുതൽ ഗുരുതരമാകുകയാണെന്നാണ് റിപ്പോർട്ട്. 13 സര്‍വകലാശാലകളിലായാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. 182 പേരാണ് നോര്‍ക്കയില്‍ അറ്റസ്റ്റ് ചെയ്ത് ഉക്രെയ്നിലേക്ക് പോയിട്ടുള്ളത്. എന്നാൽ ആകെ എത്ര വിദ്യാർഥികളുണ്ടെന്ന് ഇപ്പോഴും ഇവർക്ക് കണക്കില്ല. ഇതുവരെ 152 വിദ്യാര്‍ഥികള്‍ ഉക്രെയ്നില്‍ നിന്ന് നോര്‍ക്കയുമായി ബന്ധപ്പെട്ടു. ഇവരുടെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
നേരത്തെ വന്ന വിമാനങ്ങളിൽ നാട്ടിലെത്തിയവരും ആ കണക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നോര്‍ക്ക വൃത്തങ്ങൾ അറിയിച്ചു. ഉക്രെയ്ൻ വ്യോമാതിര്‍ത്തി അടച്ചോടെ വിമാനത്താവളത്തില്‍ പോയി മടങ്ങേണ്ടി വന്നവരും ടിക്കറ്റ് എടുത്തു നില്‍ക്കുന്നവരും യുദ്ധവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കണ്ട് പരിഭ്രാന്തരായി നാട്ടിലേക്ക് വരാനിരിക്കുന്നവരുമാണ് ഇപ്പോൾ ഇവിടെ ഉള്ളവർ. ഇവരെയെല്ലാം എത്തിക്കണമെങ്കിൽ വ്യോമപാത വീണ്ടും തുറക്കണം. കേന്ദ്രം അതിനായുള്ള ശ്രമത്തിലാണ് ഇപ്പോൾ.
Post Your Comments