KeralaLatest NewsNews

ഗാനാലാപനത്തില്‍ വേറിട്ട ശൈലി സ്വീകരിച്ച ഗായകന്‍ വികെ ശശിധരന്‍ അന്തരിച്ചു

. 80 കളുടെ തുടക്കത്തില്‍ കലാജാഥയില്‍ പങ്കെടുത്തും അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു.

കൊച്ചി: ഗാനത്തിന് ഈണം നല്‍കുമ്പോള്‍ വരികളുടെ അര്‍ത്ഥവും വികാരവും പ്രതിഫലിപ്പിക്കണമെന്ന് നിര്‍ബന്ധമുള്ളയാളായിരുന്നു വി.കെ.എസ് എന്ന വി.കെ. ശശിധരന്‍. ഗാനാലാപനത്തില്‍ വേറിട്ട വഴി സ്വീകരിച്ച വികെഎസ് വിട വാങ്ങി. 83 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1938ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനിച്ചത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

ആലുവ യു.സി കോളജിലും തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 30 വര്‍ഷം കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക്കിലെ അധ്യാപകനായിരുന്നു. അതേ കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ വിഭാഗം മേധാവിയായാണ് വിരമിച്ചത്. സ്‌കൂള്‍ പഠനകാലത്ത് 6 വര്‍ഷത്തോളം കര്‍ണാടക സംഗീതത്തില്‍ പരിശീലനം നേടി.

1967 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂര്‍ സോമദാസന്‍ രചിച്ച നാലു ഗാനങ്ങള്‍ ‘ശിവന്‍ശശി’ എന്ന പേരില്‍ പി.കെ. ശിവദാസുമൊത്ത് ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെ തുടര്‍ന്ന് ‘തീരങ്ങള്‍’ എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തി. ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകള്‍ക്ക് സംഗീതാവിഷ്‌ക്കാരം നല്‍കി. ഗീതാഞ്ജലി, പൂതപ്പാട്ട്, പുത്തന്‍ കലവും അരിവാളും, ബാലോത്സവ ഗാനങ്ങള്‍, കളിക്കൂട്ടം, മധുരം മലയാളം, മുക്കുറ്റിപൂവിന്റെ ആകാശം, ശ്യാമഗീതങ്ങള്‍, പ്രണയം, അക്ഷരഗീതങ്ങള്‍, പടയൊരുക്കപ്പാട്ടുകള്‍ എന്നിവയാണ് പ്രധാന ആല്‍ബങ്ങള്‍.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന വി.കെ.എസ് പരിഷത്ത് കലാജാഥകള്‍ക്കായി നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. 80 കളുടെ തുടക്കത്തില്‍ കലാജാഥയില്‍ പങ്കെടുത്തും അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു. ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകള്‍ക്ക് സംഗീതാവിഷ്‌കാരം നിര്‍വഹിച്ചു. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി, മാനവീയം മിഷന്‍, സംഗീത നാടക അക്കാദമി എന്നിവയ്ക്ക് വേണ്ടിയും ഓഡിയോ ആല്‍ബങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ബാലവേദി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: വസന്ത ലത. മകള്‍: ദീപ്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button