തിരുവനന്തപുരം: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അടക്കമുള്ള പൊലീസുകാര്‍ക്ക് ബന്ധമെന്ന് ആരോപിച്ച് നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. പിടി തോമസ് എംഎല്‍എ ആണ് നോട്ടീസ് നല്‍കിയത്. ബെഹ്‌റയുമായുള്ള ഫോട്ടോ മോന്‍സന്‍ ദുരുപയോഗം ചെയ്‌തെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് സരക്ഷണമൊരുക്കി കൂട്ടുനിന്നെന്നും പിടി തോമസ് ആരോപിച്ചു. എന്നാല്‍ പൊലീസ് സുഖചികിത്സയ്ക്ക് പോയിട്ടില്ലെന്നും മോന്‍സന്‍ മാവുങ്കലിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നും ചികിത്സ തേടിയെന്നും ജനങ്ങള്‍ക്കറിയാമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
‘കോടികളുടെ തട്ടിപ്പ് സംബന്ധിച്ച് പരാതി സെപ്റ്റംബര്‍ ഒമ്പതിനാണ് ലഭിച്ചത്. മുന്‍കൂര്‍ ജാമ്യം തേടി രക്ഷപ്പെടാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ആരെല്ലാം സന്ദര്‍ശിച്ചുവെന്നും ചികിത്സ തേടിയെന്നും ജനങ്ങള്‍ക്ക് അറിയാം. തട്ടിപ്പിന് കൂട്ട് നിന്നവരും കൗതുകത്തിന് പോയവരും ഉണ്ടാകും. ആരൊക്കെ എന്തിനൊക്കെ പോയി എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാന ഇന്റലിജന്‍സ് അന്വേഷിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡിയ്ക്ക് കത്ത് നല്‍കി. പൊലീസ് സുഖചികിത്സയ്ക്ക് തങ്ങിയിട്ടില്ല. എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍. പുരാവസ്തു സംബന്ധിച്ച് പരിശോധിക്കാന്‍ ആര്‍ക്കിയോജിക്കല്‍ സര്‍വ്വേയ്ക്ക് കത്ത് നല്‍കി’ – മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ബെഹ്‌റയെ പിടിച്ച് പുറത്താക്കാന്‍ മുഖ്യമന്ത്രിയുടെ കൈയ്ക്ക് ബലം ഇല്ലാത്തത് എന്തു കൊണ്ടാണെന്ന് പി.ടി തോമസ് ചോദിച്ചു. തട്ടിപ്പുകാരെല്ലാം കറങ്ങി തിരിഞ്ഞ് മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നതെങ്ങനെയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടില്ലെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍ സത്യസന്ധമായാണ് കാര്യങ്ങള്‍ പറഞ്ഞത്, അദ്ദേഹത്തിന് ഒന്നും മറച്ചു വെക്കാനില്ലെന്ന് എംഎല്‍എ പറഞ്ഞു.
‘മോന്‍സനൊപ്പം മന്ത്രിമാര്‍ നില്‍ക്കുന്ന ഫോട്ടോ പുറത്തു വന്നു. മന്ത്രിമാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് തങ്ങള്‍ പറഞ്ഞില്ല. അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടും പൊലീസ് മൗനം പാലിച്ചു. എന്നിട്ടും വീടിന് സംരക്ഷണം നല്‍കി. പരാതിക്കാരെ കുറിച്ചും അന്വേഷിക്കണം’ എന്ന് പിടി തോമസ് ആവശ്യപ്പെട്ടു. അതേസമയം സുരക്ഷ നല്‍കിയത് വീഴ്ചയാണെങ്കില്‍ പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകട്ടെ, ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
Post Your Comments