മുംബൈ: കോര്‍ഡിയല്‍ എന്ന ആഢംബര കപ്പലില്‍ നടന്ന ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കാനാകാതെ ഷാരൂഖ് ഖാന്റെ കുടുംബം. മകന്റെ അറസ്റ്റ് സ്ഥിരീകരിച്ചതിന് പിന്നാലെ ഷാരൂഖ് ഖാനും ഗൗരി ഖാനും അഭിഭാഷകനുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ആര്യന്‍ അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചതോടെ ഗൗരി ഖാന്‍ വീട്ടില്‍ നിന്ന് കോടതിയിലേക്ക് പോകുന്ന ദൃശ്യങ്ങളും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിയെ എന്‍.സി.ബി. സംഘം ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ സിനിമ ചിത്രീകരണത്തിനായി സ്പെയിനിലേക്ക് പോകുന്നത് മാറ്റിവെച്ച് ഷാരൂഖ് ഖാന്‍ മുംബൈയില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്. പത്താന്‍ സിനിമയുടെ ഷൂട്ടിംഗ് ആണ് താരം നിര്‍ത്തിവച്ചിരിക്കുന്നത്. ദീപിക പദുക്കോണിനൊപ്പമുള്ള ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി അടുത്ത ദിവസം സ്പെയിനിലേക്ക് പോകാനിരിക്കുകയായിരുന്നു ഷാരൂഖ്.
ശനിയാഴ്ച രാത്രി മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലില്‍ നടത്തിയ പാര്‍ട്ടിയില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് താരപുത്രനെ അറസ്റ്റ് ചെയ്തത്. ആര്യന്റെ അമ്മ ഗൗരി ഖാനും മകന്റെ അറസ്റ്റിനെ തുടര്‍ന്ന് വിദേശ യാത്ര മാറ്റിവെച്ചു. ഇന്റീരിയര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട് വിദേശത്തേ്ക്ക് പോകാനിരിക്കുകയായിരുന്നു ഗൗരി ഖാന്‍.
ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ കേസിലാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് പേരെ എന്‍.സി.ബി അറസ്റ്റ് ചെയ്തത്.
അര്‍ബാസ് സേത്ത് മര്‍ച്ചന്റ് എന്ന ഒരു യുവനടന്‍ കൂടി അറസ്റ്റിലായിട്ടുണ്ടെന്ന് എന്‍.സി.ബി അറിയിച്ചു. മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്‌വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിയ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് എം.ഡി.എം.എ, കൊക്കെയ്ന്‍, ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇവരെ മുംബൈയിലെ എന്‍.സി.ബി. ഓഫീസിലെത്തിച്ച് ചോദ്യംചെയ്യുകയായിരുന്നു. ഏകദേശം 17 മണിക്കൂറോളമാണ് ചോദ്യംചെയ്യല്‍ തുടര്‍ന്നത്. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുംബൈയിലെ പല കേന്ദ്രങ്ങളിലും എന്‍.സി.ബി. സംഘം റെയ്ഡ് നടത്തുകയാണ്.
ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച സൂചനകള്‍ പ്രകാരം ലഹരി പാര്‍ട്ടിയില്‍ ബോളിവുഡ് ബന്ധം തങ്ങള്‍ സംശയിച്ചിരുന്നതായും രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി ഉണ്ടായതെന്നും എന്‍.സി.ബി മേധാവി എസ്.എന്‍ പ്രധാന്‍ എ.എന്‍.ഐയോട് പറഞ്ഞു.
Post Your Comments