തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ വെള്ളിയാഴ്ചത്തെ ന്യൂസ് അവര്‍ ചര്‍ച്ചയ്‌ക്കെതിരെ 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍. ഇന്ത്യയില്‍ നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയും അംഗീകരിക്കാത്ത പരാമര്‍ശമാണ് ന്യൂസ് അവറിലുണ്ടായതെന്ന് ശ്രീകണ്ഠന്‍ നായര്‍ കുറ്റപ്പെടുത്തി. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്കിടെ അവതാരകൻ വിനു വി ജോണ്‍ 24 ന്യൂസിലെ സഹിന്‍ ആന്റണിയെയും കുടുംബത്തെയും അധിക്ഷേപിച്ചെന്ന് ശ്രീകണ്ഠന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.
‘ആ ടെലിവിഷന്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി. അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത് നിയമവിരുദ്ധമാണെന്നത് കൊണ്ട് തന്നെ തങ്ങള്‍ സംപ്രേഷണം ചെയ്യുന്നില്ല. റോയ് മാത്യു സ്ത്രീത്വത്തോട് വലിയ ആദരവുണ്ടെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം ടിവിയില്‍ കയറിയിരുന്ന് പറയുന്ന പത്രപ്രവര്‍ത്തകനാണ്. പിന്നെ ന്യൂസ് അവറിന്റെ അവതാരകന്‍ എന്ന് പറയുന്ന വിനു വി ജോണ്‍ എന്ന് പറയുന്ന ആള്‍. ന്യൂസ് അവറിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്‌മെന്റിനും വിശ്വസിക്കാന്‍ പറ്റില്ല, ആ തരത്തിലാണ് അദ്ദേഹം പറയുക,’ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.
ചാനലിലെ റിപ്പോർട്ടർ സഹിന്‍ ആന്റണിയും മോന്‍സനും ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്ന ചർച്ചയിലാണ് സഹിന്‍ ആന്റണിയ്ക്കും കുടുംബത്തിനുമെതിരെ അധിക്ഷേപകരമായ പരാമർശം അവതാരകനായ വിനു വി. ജോണും പാനലിസ്റ്റായ റോയ് മാത്യുവും നടത്തിയത്. ഇതിനെതിരെ സാൻ ആന്റണിയുടെ ഭാര്യ അഡ്വ. മനീഷ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.
മാധ്യമപ്രവര്‍ത്തകരായ റോയ് മാത്യുവിനും, വിനു വി ജോണിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് അഡ്വ. മനീഷ രാധാകൃഷ്ണന്‍ അറിയിച്ചത്. ഇരുവര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പരാമര്‍ശത്തിനെതിരെ ബാലാവകാശ കമ്മീഷനിലും, വനിതാ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് മനീഷ പ്രതികരിച്ചു.
Also Read:തകർന്നത് രണ്ട് കുടുംബത്തിന്റെ സ്വപ്‌നങ്ങൾ: നിതിന കൊല്ലപ്പെട്ടതോടെ വീട് വിട്ട് അഭിഷേകിന്റെ കുടുംബം
‘അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ഇന്നലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. റോയ് മാത്യുവിനും വിനു വി ജോണിനും രക്ഷപ്പെടാന്‍ കഴിയില്ല. അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഏത് അറ്റവും വരെയും ഞാന്‍ പോകും. എന്റെ മകളുടെ പിതൃത്വത്തെക്കുറിച്ച് സംസാരിക്കാന്‍ റോയ് മാത്യുവിന് ആരാണ് അവകാശം നല്‍കിയത്. എന്ത് അധികാരമാണ് അയാള്‍ക്ക്. പരാമര്‍ശങ്ങളില്‍ വിഷമമുണ്ട്. എന്നെയും മകളെയും അധിക്ഷേപിച്ചവര്‍ക്കെതിരെ ബാലാവകാശ കമ്മീഷനിലും, വനിതാ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നല്‍കും. പരാമര്‍ശങ്ങളില്‍ ഒരു സ്ത്രീയെന്ന അമ്മയെന്ന നിലയില്‍ ഞാന്‍ മറുപടി നല്‍കിയിരിക്കും. ഇതൊരു അമ്മയുടെ വെല്ലുവിളിയാണ്’- മനീഷ വ്യക്തമാക്കി.
Post Your Comments