KeralaLatest NewsIndia

ബിസിനസ് പാർട്ണറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ: പ്രശസ്ത സിനിമാ നിർമാതാവ് പിടിയിൽ

ലുക്കൗട്ട് നോട്ടീസിന്റെ കാലാവധി കഴിഞ്ഞെന്ന ധാരണയിൽ നാട്ടിലെത്തിയ അംജിത്ത് വിമാനത്താവളത്തിൽ പിടിയിലാവുകയായിരുന്നു.

കൊട്ടാരക്കര : ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സിനിമാ നിർമാതാവ് അറസ്റ്റിൽ. ‘കിങ് ഫിഷർ’ എന്ന സിനിമയുടെ നിർമാതാവ് മങ്ങാട് അജി മൻസിലിൽ അംജിത്ത് (46) ആണ് കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായത്. അടൂർ കണ്ണംകോട് നാലുതുണ്ടിൽ വടക്കതിൽ എ.ഷബീറി(40)നെ എം.സി.റോഡിൽ കാർ തടഞ്ഞുനിർത്തി ആക്രമിച്ച കേസിലാണ് അറസ്റ്റ്. കേസിൽ പ്രതികളായ കിളികൊല്ലൂർ ഒരുമ നഗർ-22 കാട്ടുപുറത്തുവീട്ടിൽ ടി.ദിനേശ് ലാൽ (വാവാച്ചി), ചമ്പക്കുളം വയലിൽ പുത്തൻവീട്ടിൽ എസ്.ഷാഫി, നക്ഷത്ര നഗർ-112 റഹിയാനത്ത് മൻസിലിൽ വിഷ്ണു (22), വയലിൽ പുത്തൻവീട്ടിൽ പി.പ്രജോഷ് (31), കിളികൊല്ലൂർ സ്വദേശി മാഹിൻ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.

കേസിലെ ഒരു പ്രതി തീവണ്ടിതട്ടി മരിച്ചു. പോലീസ് പറയുന്നത്: 2019 മേയ് എട്ടിന് രാത്രി എം.സി.റോഡിൽ കരിക്കത്തായിരുന്നു സംഭവം. ഗൾഫിൽ പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഷബീറിന്റെ കാർ, ആഡംബര വാഹനത്തിലെത്തിയ സംഘം തടഞ്ഞുനിർത്തി വടിവാളും ഇരുമ്പുകമ്പിയും കൊണ്ട് ആക്രമിച്ചു. ഡ്രൈവറെ ഓടിച്ചശേഷം ഷബീറിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഷബീറും അംജിത്തും പങ്കാളിത്ത വ്യവസ്ഥയിൽ ദുബായിൽ മൊബൈൽ കട നടത്തിയിരുന്നു. കച്ചവടാവശ്യത്തിനും സിനിമാ നിർമാണത്തിനുമായി അംജിത്ത് ഷബീറിൽനിന്നു ലക്ഷക്കണക്കിനുരൂപ കൈപ്പറ്റി.

ഇതു തിരികെ നൽകാതിരിക്കാനായി ഷബീറിനെ കൊലപ്പെടുത്തുന്നതിന് ചമ്പക്കുളം ആസ്ഥാനമായ സംഘത്തിന് ക്വട്ടേഷൻ നൽകി. പിടിയിലായവരെല്ലാം ഒട്ടേറെ കേസുകളിൽ പ്രതികളാണ്. ഗൾഫിലായിരുന്ന അംജിത്തിനായി പോലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. ഷബീറിനെ കൊല്ലാൻ അംജിത്ത് ഏർപ്പെടുത്തിയത് രണ്ടുലക്ഷം രൂപയുടെ ക്വട്ടേഷൻ. കച്ചവടത്തിൽ ഷബീർ പങ്കാളിയാണെന്ന വസ്തുത അറിയാതിരിക്കാനും സാമ്പത്തിക ക്രമക്കേടുകൾ മറയ്ക്കാനുമാണ് സുഹൃത്തിനെ ഇല്ലാതാക്കാൻ അംജിത്ത് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പണം കൂടാതെ ക്വട്ടേഷൻ സംഘത്തിലെ മാഹിന് ഗൾഫിൽ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. വിവാഹാവശ്യത്തിനായി നാട്ടിലെത്തിയ ഷബീർ ഗൾഫിലേക്ക് മടങ്ങുന്ന ദിവസവും സമയവുമെല്ലാം സംഘത്തിനു കൈമാറിയത് അംജിത്ത് ആണ്. സംഭവത്തിനുശേഷം ഗൾഫിലേക്കുപോയ മാഹിനെ, ആറുമാസംമുൻപ്‌ തിരികെയെത്തിയപ്പോൾ വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്തു. തനിക്കെതിരായ കേസ് നടപടികൾ അറിയാൻ പലതവണ അംജിത്ത് വിവരാവകാശപ്രകാരം അപേക്ഷ നൽകിയിരുന്നു. ലുക്കൗട്ട് നോട്ടീസിന്റെ കാലാവധി കഴിഞ്ഞെന്ന ധാരണയിൽ നാട്ടിലെത്തിയ അംജിത്ത് വിമാനത്താവളത്തിൽ പിടിയിലാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button