![](/wp-content/uploads/2021/09/sans-titre-8-10.jpg)
മലപ്പുറം: മോന്‍സനെതിരെ പരാതിയുമായി നിരവധി പേരാണ് വരുന്നത്. മോന്‍സന് പണം നല്‍കി ജീവിതം വഴിമുട്ടിയ പ്രവാസി യുവാവ് ഇപ്പോൾ ബംഗളുരുവിൽ ഹോട്ടൽ നടത്തുകയാണ്. മോന്‍സന് പല തവണയായി ഒരു കോടി രൂപ നല്‍കിയതിന്റെ രേഖകള്‍ സഹിതം ഇന്ന് ക്രൈംബ്രാഞ്ചിനു പരാതി നല്‍കും. മലപ്പുറം സ്വദേശി ഷാനിമോൻ ആണ് പരാതിയുമായി രംഗത്തെത്തിയത്. ഖത്തറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും റിയല്‍ എസ്റ്റേറ്റ് ബിസിനസുമായിരുന്നു ഷാനിമോന്‍.
2015 ൽ മോൺസൺ ഖത്തറില്‍ പുരാവസ്തു മ്യൂസിയം തുടങ്ങാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് സുഹൃത്താണ് പരിചയപ്പെടുത്തുന്നത്. ഖത്തറിലെ ഷെയ്ഖുമായി തനിക്ക് അടുത്ത ബന്ധമാണെന്ന് ഷാനിമോനെ മോന്‍സന്‍ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. 2016ല്‍ അവധിക്ക് ഷാനിമോന്‍ നാട്ടിലെത്തിയ സമയം അറബിയുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഷാനിമോന്റെ ഖത്തറിലെ മുഴുവന്‍ സ്ഥാപനങ്ങളും അറബിയുടെ നിയന്ത്രണത്തിലായി.
ഈ സമയത്താണ് ഷെയ്ഖ് വഴി പ്രശ്‌നപരിഹാരം വാഗ്ദാനം ചെയ്തുള്ള മോന്‍സന്റെ ഇടപെടല്‍. ഈ പേരിലാണ് പല ഘട്ടങ്ങളിലായി ഷാനിമോനില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയതും. പിന്നീട് ഖത്തറിലേക്കൊരു തിരിച്ചുപോക്കും സാധ്യമായില്ല. ഒടുവില്‍ കയ്യില്‍ ബാക്കിയുണ്ടായ സമ്പാദ്യം ഉപയോഗിച്ചാണ് ബെംഗളൂരുവില്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങിയത്. മോന്‍സന് പണം നല്‍കിയതിന്റെ മുഴുവന്‍ രേഖകള്‍ സഹിതമാണ് ക്രൈംബ്രാഞ്ചിനെ സമീപിക്കുന്നത്. മോന്‍സന്റെ ആളുകളില്‍നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും ഷാനിമോന്‍ പറയുന്നു.
ഇത് കൂടാതെ മോൻസൺ ബെംഗളൂരുവിൽ പാലക്കാട് സ്വദേശി ഡോ.രാമചന്ദ്രന്റെ 40 കോടി തട്ടിയെടുത്തു. മോൻസനു തൃപ്പൂണിത്തുറയിൽ സ്വന്തമായി കൊട്ടാരമുണ്ടെന്നും വിൽപന നടന്നാൽ കോടിക്കണക്കിനു രൂപ കമ്മിഷൻ നൽകുമെന്നുമുള്ള വാഗ്ദാനം വിശ്വസിച്ചാണു ഡോ. രാമചന്ദ്രൻ മോൻസനുമായി ഇടപാടുകൾ തുടങ്ങിയത്. കേന്ദ്ര സർക്കാർ തടഞ്ഞുവച്ച 2.62 ലക്ഷം കോടി കോടി രൂപ കിട്ടാനുണ്ടെന്നു വിശ്വസിപ്പിച്ചും തട്ടിപ്പു നടത്തി.
10 വർഷമായി പണം നൽകുവെന്നാണു മംഗളൂരു സ്വദേശിയായ യശ്വന്ത് പറയുന്നത്. രാജീവ് എന്നയാളിൽ നിന്ന് 6 കോടി രൂപയും ബെംഗളൂരുവിലെ ഉദ്യോഗസ്ഥനിൽ നിന്ന് 50 ലക്ഷം രൂപയും തട്ടിയെടുത്തതായും അറിയുന്നു. നിലവിൽ പൊലീസിനെ സമീപിച്ച പരാതിക്കാരിൽ ഒരാളായ അനൂപ് അഹമ്മദ് അടക്കം കോഴിക്കോട് സ്വദേശികൾ മോൻസനു നൽകിയത് 10 കോടിയോളം രൂപയാണ്.
Post Your Comments