തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ അനുമതിയായി. ദൈനംദിന ദൃശ്യങ്ങള്‍ ഡേറ്റാ സെന്ററിലേക്കു തടസ്സമില്ലാതെ കൈമാറാന്‍ സൗകര്യം ഒരുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശേഖരിക്കുന്ന ദൃശ്യങ്ങള്‍ ഡേറ്റാ സെന്ററിലേക്കു കൃത്യമായി കൈമാറുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Also Read: സംസ്‌ഥാന ചലച്ചിത്ര അവാർഡ്: നടി സുഹാസിനി ചെയർപേഴ്‌സൺ
കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്, പൊലീസ് സ്റ്റേഷന്റെ പ്രവേശന കവാടങ്ങള്‍, പിന്‍വശം, ലോക്കപ്പ്, ഇടനാഴി, വരാന്ത, ഔട്ട്ഹൗസ്, റിസപ്ഷന്‍, പരിസരം, ശുചിമുറിയുടെ പുറംഭാഗം, ഇന്‍സ്‌പെക്ടറുടെ മുറി എന്നിവിടങ്ങളിലെല്ലാം ക്യാമറ സ്ഥാപിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ദൃശ്യം മാത്രമല്ല, ശബ്ദവും പകര്‍ത്താവുന്നതും രാത്രിദൃശ്യങ്ങള്‍ വ്യക്തമായി ലഭ്യമാകുന്ന റെക്കോര്‍ഡിങ് സംവിധാനം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
520 പൊലീസ് സ്റ്റേഷനുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ 41.60 കോടിരൂപയാണ് ചെലവ്. വാങ്ങുന്ന ക്യാമറകള്‍ക്ക് 5 വര്‍ഷം വാറന്റി വേണം. ഇടെന്‍ഡര്‍ നടപടികളിലൂടെയാകണം കമ്പനികളെ തിരഞ്ഞെടുക്കേണ്ടത്. പൊലീസിലെ സാങ്കേതിക സമിതി പദ്ധതിയുടെ ഓരോ ഘട്ടവും പരിശോധിച്ച് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാന്‍, പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സ്റ്റേഷനുകളില്‍ സൂക്ഷിക്കാതെ സംസ്ഥാന ഡേറ്റാ സെന്ററില്‍ സൂക്ഷിക്കാനും ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു.
Post Your Comments