ThiruvananthapuramKeralaLatest NewsNews

സംസ്‌ഥാന ചലച്ചിത്ര അവാർഡ്‌: നടി സുഹാസിനി ചെയർപേഴ്‌സൺ

തിരുവനന്തപുരം: 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്‌സൺ. എട്ടു തവണ ദേശീയ പുരസ്കാരം നേടിയ കന്നട സംവിധായകന്‍ പി ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും. അവാർഡിന് സമർപ്പിക്കപ്പെടുന്ന എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധി നിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് നിയമാവലി പരിഷ്‌കരിച്ചതിന് ശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്.

Also Read: നേരിട്ട് സ്പര്‍ശിക്കാതെയുള്ള പീഡനവും ഇനി പോക്സോ പരിധിയില്‍ വരും: സുപ്രീംകോടതി

മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡ് രണ്ടു തവണ നേടിയ സുരേഷ് പൈ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ഗാനരചയിതാവ് മധു വാസുദേവന്‍, നിരൂപകനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഇ.പി രാജഗോപാലന്‍, സംസ്ഥാന അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ ഷെഹ്നാദ് ജലാല്‍, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.

സുഹാസിനി, പി.ശേഷാദ്രി, ഭദ്രൻ എന്നിവർക്കു പുറമെ ഹിന്ദി, മലയാളം, തെലുങ്ക് സിനിമാ ഛായാഗ്രാഹകനായ സി.കെ മുരളീധരൻ, സംഗീതസംവിധായകനായുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മോഹൻ സിതാര, മൂന്ന് ദേശീയപുരസ്‌കാരം നേടിയ സൗണ്ട് ഡിസൈനർ ഹരികുമാർ മാധവൻ നായർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ എന്നിവരാണ് അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും. പ്രാഥമിക ജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണ് ഉള്ളത്. 80 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ നാലെണ്ണം കുട്ടികള്‍ക്കുള്ള ചിത്രങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button