തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് മരണംവരെ കഠിനതടവ് വിധിച്ച് കോടതി. ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് കോടതി ശിക്ഷിച്ചത്. 75,000 രൂപ പിഴ അടയ്ക്കാനും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഇരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍ക്കാനും കോടതി വിധിച്ചു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നതാണ് കേസ്.
2019 ജനുവരിയിൽ പെണ്‍കുട്ടിയുടെ വീടിനടുത്ത് മരപ്പണിക്ക് വന്നതായിരുന്നു പ്രതി. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി വീട്ടിലെത്തി അകത്തു കയറി വാതിലടച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. പുറത്ത് അറിയിച്ചാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ആരോടും പറഞ്ഞില്ല. അടുത്ത ദിവസവും പ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. സംഭവം നടന്നു മൂന്നു മാസങ്ങള്‍ക്ക് ശേഷം കുട്ടി ഗര്‍ഭിണിയായപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്.
തുടര്‍ന്ന് പൂജപ്പുര പൊലീസ് കേസെടുത്തു. കുട്ടിയുടെ ശാരീരിക സ്ഥിതി മോശമായതിനാല്‍ വൈദ്യ നിര്‍ദേശപ്രകാരം ഗര്‍ഭം അലസിപ്പിച്ചു. ഡിഎന്‍എ പരിശോധനയില്‍ ഷിജുവാണ് പീഡിപ്പിച്ചതെന്ന് തെളിഞ്ഞു. കുട്ടിക്ക് അമ്മയും സഹോദരനുമാണുള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ ആര്‍.എസ്.വിജയ് മോഹന്‍, കാട്ടായിക്കോണം ജെ.കെ.അജിത്ത് പ്രസാദ് എന്നിവര്‍ ഹാജരായി.
Post Your Comments