കൊച്ചി: പുരാവസ്തു തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. മോന്സണ് മാവുങ്കാലിന് പ്രമുഖരുമായി ബന്ധമുണ്ടെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. അക്കൂട്ടത്തിൽ ഡി ഐ ജി സുരേന്ദ്രനും ഉണ്ടായിരുന്നു. കൊച്ചി കമ്മീഷണര്‍ ആയിരുന്ന അവസരത്തിലാണ് താൻ മോൺസനെ പരിചയപ്പെടുന്നതെന്നും അതിന് ശേഷം മോൺസനുമായി നല്ല അടുപ്പം ഉണ്ടായിരുന്നുവെന്നും ഡി ഐ ജി സുരേന്ദ്രന് വെളിപ്പെടുത്തുന്നു. തന്റെ കുടുംബത്തിലെ മിക്ക ചടങ്ങുകളിലും മോന്സന് പങ്കെടുക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മോൺസനുമായി ബന്ധമുണ്ടായിരുന്നെങ്കിലും അയാളുടെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് ഡി ഐ ജി വ്യക്തമാക്കി.
‘മോന്‍സണിന്റെ ഇടപാടുകളില്‍ തനിക്ക് ചില സംശയങ്ങള്‍ തോന്നിയിരുന്നു. ആരില്‍ നിന്നും പരാതികള്‍ ഒന്നും ലഭിക്കാത്തതിനാലാണ് മോന്‍സണിന്റെ ഇടപാടുകളെ കുറിച്ച് കൂടുതലായി അന്വേഷിക്കാത്തത്. എന്നാൽ തന്റെ സാന്നിദ്ധ്യത്തില്‍ പരാതിക്കാര്‍ മോന്‍സണിന് പണം കൈമാറിയെന്ന് പറയുന്നത് ശരിയല്ല. തന്റെ സാന്നിദ്ധ്യത്തില്‍ ആരും പണം കൈമാറ്റം നടത്തിയിട്ടില്ല’, ഡി ഐ ജി ഒരു മാധ്യമത്തോട് വ്യക്തമാക്കി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാന്‍ സഹായിച്ചാല്‍ 25 കോടി രൂപ പലിശരഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് മോന്സണ് ആറ് പേരെ മൂന്നു വര്‍ഷത്തോളം വട്ടംകറക്കിയത്. കോഴിക്കോട് സ്വദേശി യാക്കോബ് പാറയില്‍, അനൂപ് വി അഹമ്മദ്, സലിം എടത്തില്‍, എം ടി ഷമീര്‍, സിദ്ദീഖ് പുറായില്‍, ഷിനിമോള്‍ എന്നിവരുടെ പരാതിയിലാണ് ചേര്‍ത്തല വല്ലിയില്‍ വീട്ടില്‍ മോന്‍സണിനെ ക്രൈംബ്രാഞ്ച് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കൂട്ടാളികളായ നാലു പേരും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
Post Your Comments