കോട്ടയം: കാറില്‍ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ച് മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് മേഴ്സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ കോരിക്കല്‍ സ്വദേശിനി സനജയാണ് (35) മരിച്ചത്.
തിങ്കളാഴ്ച രാവിലെ വൈക്കം വലിയകവലയ്ക്ക് സമീപം വൈപ്പിന്‍ പടിയിലായിരുന്നു അപകടം. ഹര്‍ത്താല്‍ ദിനമായതിനാല്‍ ആശുപത്രി ജീവനക്കാരെ ആംബുലന്‍സില്‍ കൊണ്ടുപോകുകയായിരുന്നു. കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലന്‍സ് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സനജയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു.
Post Your Comments