
കൊച്ചി: എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കലൂർ ഉണ്ണിക്കൃഷ്ണൻ (68) അന്തരിച്ചു. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ്, സമസ്‌ത കേരള സാഹിത്യ പരിഷത്ത് അംഗം തുടങ്ങിയ നിലകളിലും സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. ഭാര്യ: അനീഷ് ബേബി. മക്കൾ: നിഖിൽ, നീരജ്. മരുമകൾ: അനുപമ.
നോവല്‍, ചെറുകഥ, നാടകം ,ബാലസാഹിത്യം മുതലായ വിഭാഗങ്ങളിലായി പത്തൊൻമ്പത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കവിസമാജം അവാര്‍ഡ്, ഡോ.ബി.ആര്‍ അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങിയ പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. കലൂർ പോണോത്ത് നാരായണന്റേയും കല്യാണിയുടെയും മകനായ ഉണ്ണികൃഷ്ണൻ ചെറുപ്പം മുതൽ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.
കളമശ്ശേരി ഗവ. ഐടിഐയിൽ നിന്ന് സാങ്കേതിക വിദ്യാഭ്യാസം നേടിയശേഷം ഏതാനം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തു. കൊച്ചി നേവൽ ബേസിൽ ഓഫീസിൽ ജോലി ലഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ രാജിവെച്ചു. പിന്നീട് എറണാകുളത്തെ ടാറ്റാ ഓയിൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഹിന്ദുസ്ഥാൻ ലിവറിൽ പതിനാലുവർഷത്തെ സേവനത്തിനു ശേഷം വിആർഎസ് എടുത്ത് സ്വയം പിരിഞ്ഞു. കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി കലൂർ യൂണിറ്റ് സെക്രട്ടറിയായി മൂന്നു വർഷക്കാലം പ്രവർത്തിച്ചു. കട്ട് കട്ട്, ചിത്രസുധ, ബാലലോകം തുടങ്ങിയ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു. സായാഹ്ന കൈരളിയിലും ജോലി ചെയ്‌തിട്ടുണ്ട്.
Post Your Comments