Latest NewsNewsInternational

ഫ്രാൻസിസ് മാര്‍പ്പാപ്പ കാലം ചെയ്തു:വിടവാങ്ങിയത് കത്തോലിക്ക സഭയെ മാറ്റിമറിച്ച ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള പുണ്യാത്മാവ്

എല്ലാ മനുഷ്യര്‍ക്കും ദൈവ സ്‌നേഹം അവകാശപ്പെട്ടതാണെന്നും ആര്‍ക്കും അതു തടയാന്‍ പാടില്ലെന്നും ലോകത്തോടു പറഞ്ഞ മാര്‍പ്പാപ്പയാണ് ഓര്‍മയാവുന്നത്

വത്തിക്കാന്‍ : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാൻസിസ് മാര്‍പ്പാപ്പ വിടവാങ്ങി. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7.35 നായിരുന്നു അന്ത്യം. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്നു അദ്ദേഹം.

35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടർമാർ മാ‌ർപാപ്പയ്ക്ക് നിർദ്ദേശിച്ചിരുന്നത്. ആശുപത്രി വിടുന്നതിന് മുമ്പ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികിൽ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പ് ആയി സ്ഥാനമേറ്റത്. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ‘ഫ്രാൻസിസ്’ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.

ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നും കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

എല്ലാ മനുഷ്യര്‍ക്കും ദൈവ സ്‌നേഹം അവകാശപ്പെട്ടതാണെന്നും ആര്‍ക്കും അതു തടയാന്‍ പാടില്ലെന്നും ലോകത്തോടു പറഞ്ഞ മാര്‍പ്പാപ്പയാണ് ഇപ്പോൾ ഓര്‍മയാവുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button