ഡിണ്ടിഗൽ: ദലിത് നേതാവ് സി പശുപതി പാണ്ഡ്യൻ വധക്കേസിലെ പ്രതികളിൽ ഇതുവരെ കൊല്ലപ്പെട്ടത് അഞ്ചുപേർ. ഒമ്പത് കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിന്റെ പ്രതികാര നടപടിയിൽ ഏറ്റവും ഒടുവിലത്തെ ഇരയായ നിർമ്മല ദേവിയെ കൊന്നത് തലയറുത്ത്. ബുധനാഴ്ച ബൈക്കിലെത്തിയ രണ്ടുപേർ കൊലപാതകം നടത്തിയതിന് ശേഷം 59 കാരിയായ നിർമ്മല ദേവിയുടെ ശിരസ്സ് ഡിണ്ടിഗലിലുള്ള പശുപതി പാണ്ഡ്യന്റെ വീടിനു മുമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
പശുപതി പാണ്ഡ്യൻ വധക്കേസിലെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തത് വഴിയാണ് നിർമ്മല കേസിൽ എട്ടാം പ്രതിയായത്. പുറാ മാടസാമി, മുത്തുപാണ്ടി, മാടസാമി, അറുമുഖ സാമി എന്നിവരെ ഇതിനകം കൊലപ്പെടുത്തിയിരുന്നു. പ്രതികളുടെ കൂട്ടത്തിൽ കൊലചെയ്യപ്പെട്ട ഏക സ്ത്രീയാണ് നിർമല. പശുപതിയുടെ അനുയായികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
തമിഴ്‌നാടിൻറെ തെക്കൻ ജില്ലകളിൽ കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട മൂന്നാമത്തെ വ്യക്തിയായാണ് നിർമ്മല. തിങ്കളാഴ്ച കെ. ശങ്കരസുബ്രഹ്‌മണ്യൻ(37) എന്ന യുവാവിനെ തിരുനെൽവേലിയിൽ വച്ച് തലവെട്ടി കൊലപ്പെടുത്തിയിരുന്നു. 2013 ൽ കൊല്ലപ്പെട്ട ഒരു ദലിതന്റെ ശവകുടീരത്തിനടുത്തായിരുന്നു ഇയാളുടെ ശിരസ്സ് ഉപേക്ഷിച്ചിരുന്നത്. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം ദലിത് വിഭാഗത്തിൽ പെട്ട മാരിയപ്പൻ(37) കൊല്ലപ്പെടുകയും ശിരസ്സ് ശങ്കരസുബ്രഹ്‌മണ്യൻ കൊലചെയ്യപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ദേവേന്ദ്ര കുല വെള്ളാളർ ഫെഡറേഷന്റെ പ്രസിഡന്റായിരുന്ന പശുപതി പാണ്ഡ്യൻ 2012 ജനുവരി 10 നാണ് ഡിണ്ടിഗലിലെ നന്ദവനപട്ടിയിൽ വച്ച് കൊല്ലപ്പെട്ടത്. കേസിൽ സുഭാഷ് പന്നിയാർ എന്നയാൾ ഉൾപ്പെടെ 18 പ്രതികളാണ് ഉള്ളത്. കേസിന്റെ അടുത്ത ഘട്ട വിചാരണ ഡിണ്ടിഗലിലെ കോടതിയിൽ അടുത്തമാസം നടക്കാനിരിക്കെയാണ് നിർമ്മലയുടെ കൊലപാതകം.
Post Your Comments