തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സര്‍ക്കാര്‍ അവസാനിപ്പിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദീകരണവുമായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം സൗജന്യ കിറ്റ് നല്‍കിയാല്‍ മതിയെന്ന തരത്തില്‍ ഉയരുന്ന അഭിപ്രായത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം ആരംഭിച്ച 2020 ഏപ്രില്‍-മെയ് മാസങ്ങളിലാണ് സംസ്ഥാനത്ത് സൗജന്യ കിറ്റ് നല്‍കി തുടങ്ങിയത്. കോവിഡിന്റെ പിടിയിലമര്‍ന്ന് ജോലി നഷ്ടപ്പെട്ട സാധാരണക്കാരുടെ ആശ്രയമായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍െ സൗജന്യ ഭക്ഷ്യ കിറ്റ്. ഭക്ഷ്യക്കിറ്റ് വിതരണം ദേശീയ തലത്തില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിജയത്തിന് ആക്കം കൂട്ടാന്‍ സൗജന്യ ഭക്ഷ്യ കിറ്റിന് കഴിഞ്ഞിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
ഓണം വരെ സംസ്ഥാനത്ത് 13 തവണയാണ് സൗജന്യ കിറ്റ് വിതരണം നടത്തിയത്. ഏകദേശം 11 കോടി കിറ്റുകളാണ് ആകെ നല്‍കിയത്. മാസം ശരാശരി 350-400 കോടി രൂപ ചെലവിട്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 11 കോടി കിറ്റുകള്‍ക്കായി 5200 കോടി രൂപ ചെലവിട്ടു.
Post Your Comments