കൊല്ലം: സൈബർ അധിക്ഷേപത്തെ തുടർന്ന് കടുത്തുരുത്തിയിൽ യുവതി ആത്മഹത്യയിൽ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്റെ സഹോദരിക്കുണ്ടായത് ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകരുതെന്ന് ആതിരയുടെ സഹോദരീ ഭർത്താവ് ആശിഷ് ദാസ് ഐഎഎസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പ്രതി അരുൺ വിദ്യാധരന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒളിവിലുള്ള പ്രതി അരുൺ വിദ്യാധരനെ കുറിച്ച് വിവരം ലഭിച്ചതായാണ് വിവരം.
കടുത്തുരുത്തി കോന്നല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. അരുണിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് മരണം. വിവാഹ പന്തൽ ഉയരേണ്ട വീടായിരുന്നുവെന്നും അവിടെ മരണ പന്തലാണിന്നെന്നും സഹോദരിയുടെ ദുരവസ്ഥയിൽ വിതുമ്പി ആശിഷ്. പരാതി നൽകി പൊലീസ് ഇടപെട്ട കേസിൽ ഇതാണ് സ്ഥിതിയെങ്കിൽ നാട്ടിലെ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്നും, എല്ലാ പിന്തുണയും ആതിരയ്ക്ക് നൽകിയിരുന്നുവെന്നും ആശിഷ് ദാസ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭാര്യ സഹോദരിയുടെ ആത്മഹത്യയിൽ വൈകാരിക കുറിപ്പ് ഇന്നലെ ആശിഷ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. സൈബർ ബുളളിയിങ്ങിലൂടെയുളള കൊലപാതകമാണ് തന്‍റെ സഹോദരിയുടേത് എന്നാണ് ആശിഷ് കുറിച്ചത്. കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകും. ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് പോസ്റ്റിൽ പറയുന്നു.
അതേസമയം, ആതിരയും അരുണും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ അരുണിന്റെ സ്വഭാവത്തിൽ വന്ന മോശമായ മാറ്റങ്ങൾ കാരണം ആതിര ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. ഇതിനുശേഷമാണ് ആതിരയ്ക്കെതിരെ അരുൺ സോഷ്യൽ മീഡിയ വഴി സൈബർ അധിക്ഷേപം തുടങ്ങിയത്. ഞായറാഴ്ച യുവതിക്ക് മറ്റൊരു വിവാഹാലോചന വന്നു. ഇതോടെ അരുൺ സൈബർ അധിക്ഷേപം രൂക്ഷമാക്കുകയും ആതിരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. ഇതിൽ മനംനൊന്താണ് ആതിര ആത്മഹത്യ ചെയ്തത്.
Post Your Comments