കൊല്ലം : കാസര്‍കോട് കലക്ട്രേറ്റിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന കൊല്ലം സ്വദേശിനി പ്രമീള കൊല്ലപ്പെട്ടിട്ട് രണ്ടുവര്‍ഷമായിട്ടും യുവതിയുടെ മൃതദേഹം കണ്ടെത്താനായില്ല. കൊല്ലം സ്വദേശിനിയായ പ്രമീളയെ ഭര്‍ത്താവ് സെല്‍ജോ കൊലപ്പെടുത്തിയ കേസിലാണ് പ്രമീളയുടെ മൃതദേഹം കണ്ടെത്താനാകാത്തത്. മൃതദേഹം കാസര്‍കോട് ചന്ദ്രഗിരിപ്പുഴയില്‍ ഉപേക്ഷിച്ചെന്നായിരുന്നു പ്രതിയുടെ മൊഴി.
2019 സെപ്റ്റംബര്‍ 19 നാണ് ഭര്‍ത്താവ് പ്രമീളയെ കൊലപ്പെടുത്തിയത്. പ്രമീളയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം പുഴയില്‍ തളളിയെന്നായിരുന്നു സെല്‍ജോ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് കാസര്‍കോട് ചന്ദ്രഗിരിപ്പുഴയില്‍ 2019 ഒക്ടോബര്‍ പത്തിന് മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
പ്രമീള മരിച്ചെന്ന് വിശ്വസിക്കാതെ കാത്തിരിപ്പിലാണ് കുടുംബം. സെല്‍ജോ – പ്രമീള ദമ്പതികളുടെ ഒന്‍പതും ഏഴും വയസുമുളള കുട്ടികളിപ്പോള്‍ പ്രമീളയുടെ സഹോദരിയുടെ സംരക്ഷണയിലാണ്.
ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയ സെല്‍ജോയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി, പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അന്ന് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പ്രണയിച്ച് വിവാഹിതരായ സെല്‍ജോയും പ്രമീളയും വിദ്യാനഗറിലെ വാടക വീട്ടിലായിരുന്നു താമസം. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സെല്‍ജോയ്ക്ക് ഇടുക്കി സ്വദേശിനിയുമായി ഉണ്ടായിരുന്ന അടുപ്പം പ്രമീള ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭാര്യയെ ഒഴിവാക്കിയശേഷം കാമുകിയോടൊപ്പം കഴിയാനായിരുന്നു സെല്‍ജോ പദ്ധതിയിട്ടത്. പക്ഷേ കൊലപാതകത്തിന് ശേഷം കാമുകിക്ക് അയച്ച സന്ദേശമൊക്കെ പിന്നീട് കേസില്‍ നിര്‍ണായകമായി.
Post Your Comments