തിരുവനന്തപുരം: സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. അന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാന്‍ ഉതകുന്ന മറുപടി പ്രതീക്ഷിച്ചവരെ സമസ്തയുടെ അദ്ധ്യക്ഷന്‍ വല്ലാതെ നിരാശപ്പെടുത്തിയെന്ന് ജലീല്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്. മുഖ്യമന്ത്രിയെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്ത് സംസാരിച്ച അദ്ദേഹം സഹകരണ മന്ത്രി നടത്തിയ പ്രസ്താവനയിലെ ഒരു വാചകത്തോടുള്ള തന്റെ അതൃപ്തി മറയില്ലാതെ രേഖപ്പെടുത്തുകയും ചെയ്തു. പിണറായിക്കെതിരെ ചാകര പ്രതീക്ഷിച്ചവര്‍ പാതാളത്തിലായെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Also : കേരളത്തില്‍ ജനസംഖ്യയുടെ 89 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി : ആരോഗ്യവകുപ്പ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം..
പിണറായിക്കെതിരെ ചാകര പ്രതീക്ഷിച്ചവര്‍ പാതാളത്തിലായി.
‘സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പത്രസമ്മേളനം മുഴുവന്‍ കണ്ടു. പത്ര പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എന്നെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി. സമസ്തയെന്ന പണ്ഡിത സഭയുടെ അമരക്കാരനാകാന്‍ എല്ലാ അര്‍ത്ഥത്തിലും അര്‍ഹനാണ് ജിഫ്രി തങ്ങളെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ അളന്ന് മുറിച്ചുള്ള വാക്കുകള്‍. അന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാന്‍ ഉതകുന്ന മറുപടി പ്രതീക്ഷിച്ചവരെ സമസ്തയുടെ അദ്ധ്യക്ഷന്‍ വല്ലാതെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്ത് സംസാരിച്ച അദ്ദേഹം സഹകരണ മന്ത്രി നടത്തിയ പ്രസ്താവനയിലെ ഒരു വാചകത്തോടുള്ള തന്റെ അതൃപ്തി മറയില്ലാതെ രേഖപ്പെടുത്തുകയും ചെയ്തു’ .
‘വിവിധ മതസമുദായങ്ങള്‍ തമ്മില്‍ വല്ല പ്രശ്‌നങ്ങളുമുണ്ടാകുമ്പോള്‍ സര്‍ക്കാരല്ലേ പരിഹാരത്തിന് മുന്‍കയ്യെടുക്കേണ്ടത് എന്ന ചോദ്യത്തിനുള്ള മറുപടി കെ.പി.സി.സി പ്രസിഡണ്ടുള്‍പ്പടെയുള്ളവരുടെ കണ്ണു തള്ളിച്ചിട്ടുണ്ടാകും. മുമ്പും വ്യത്യസ്ത മത വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായപ്പോള്‍ ഇടപെട്ട് തീര്‍ത്തത് സര്‍ക്കാരല്ലല്ലോ എന്ന അദ്ദേഹത്തിന്റെ മറു ചോദ്യം ക്ലാസ്സിക്ക് ഉത്തരമായി. ബാബരി മസ്ജിദ് തകര്‍ത്ത കാലത്തെ സംഭവങ്ങള്‍, തളിക്ഷേത്ര വിവാദങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ ഇടപെടലില്ലാതെ സമുദായ നേതാക്കള്‍ മുന്‍കയ്യെടുത്ത് പരിഹരിച്ച കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടുള്ള തങ്ങളുടെ പ്രതികരണം അടുത്ത കാലത്തൊന്നും മറക്കില്ല’.
‘മുസ്ലിം സമുദായത്തിലെ ന്യൂനാല്‍ ന്യൂനപക്ഷമായ തീവ്രവാദ ചിന്തയുള്ളവരുടെ അഭിപ്രായങ്ങള്‍ മൊത്തം സമുദായത്തിന്റെ ചെലവില്‍ വേണ്ടെന്ന ജിഫ്രി തങ്ങളുടെ അഭിപ്രായം പ്രസക്തമാണ്. ഒരു അമുസ്ലിമിനെ ഇസ്ലാമിലേക്ക് മതം മാറ്റല്‍ വിശ്വസിയുടെ ചുമതലയാണെന്ന് ഖുര്‍ആനില്‍ എവിടെയും പറയുന്നില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ അകറ്റാന്‍ സഹായിക്കും’.
‘സഹോദര മതസ്ഥരെ വേദനിപ്പിക്കാതെയും നോവിക്കാതെയും ആശയങ്ങള്‍ പ്രകടിപ്പിക്കാനാണ് മത പണ്ഡിതന്‍മാര്‍ ശ്രമിക്കേണ്ടത് എന്ന ജിഫ്രി തങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ എല്ലാവരും മുഖവിലക്കെടുക്കേണ്ടതാണ്. പ്രേമിച്ചോ ലഹരി വസ്തുക്കള്‍ നല്‍കിയോ ഇസ്ലാമിലേക്ക് ആളെക്കൂട്ടേണ്ട ചുമതല ഇസ്ലാം ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും അവ മതപരമായിത്തന്നെ നിഷിദ്ധമാണെന്നുമുള്ള അദ്ദേഹത്തിന്റെ സുചിന്തിത അഭിപ്രായം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു’.
‘പ്രണയ വിവാഹങ്ങളെ ഒരു മതത്തിന്റെയും കണക്കു പുസ്തകത്തില്‍ ചേര്‍ക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഒരുപാട് തെറ്റിദ്ധാരണകള്‍ക്ക് അറുതി വരുത്തും. തീവ്രവാദ മനസ്സുള്ളവര്‍ നുഴഞ്ഞു കയറി മുസ്ലിം സമൂഹത്തിന്റെ പൊതു അഭിപ്രായമെന്ന രൂപേണ നടത്തുന്ന പ്രഖ്യാപനങ്ങള്‍ സൂക്ഷിക്കണമെന്ന് വരികള്‍ക്കിടയിലൂടെ അദ്ദേഹം നല്‍കിയ മുന്നറിയിപ്പ് വിസ്മരിക്കാവതല്ല’.
‘ തീവ്രവാദ ചിന്തയിലേക്ക് പുതു തലമുറയെ ആകര്‍ഷിക്കാന്‍ പദ്ധതിയിട്ട് പ്രവര്‍ത്തിക്കുന്നവരെ പ്രതിരോധിക്കണമെന്ന സി.പി.എം നിലപാട് മുസ്ലിങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ലേ എന്ന ചോദ്യത്തോടുള്ള ജിഫ്രി തങ്ങളുടെ പ്രതികരണം ചോദ്യകര്‍ത്താവിന്റെ വായടപ്പിക്കുന്നതായി. അങ്ങിനെ തനിക്ക് തോന്നിയിട്ടില്ലെന്നും എല്ലാ തരം തീവ്രവാദത്തെയും ഉദ്ദേശിച്ചാണ് അതെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ പ്രസ്തുത വാചകം ഒരാവര്‍ത്തി കൂടി വായിക്കാനും അതില്‍ മുസ്ലിമെന്നോ ജിഹാദെന്നോ ഉള്ള വാക്കുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനുമാണ് തങ്ങള്‍ പറഞ്ഞത’്.
‘ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നാവിന്‍ തുമ്പില്‍ നിന്ന് പിണറായിക്കെതിരെയും LDF സര്‍ക്കാറിനെതിരെയും ചാകര പ്രതീക്ഷിച്ചവരെ നിരാശയുടെ പാതാളത്തില്‍ താഴ്ത്തിയാണ് പത്രസമ്മേളനം അവസാനിച്ചത്. ലീഗ് നേതാക്കന്‍മാര്‍ ജിഫ്രി തങ്ങളുടെ അടുത്ത് പോയി ഒരു ട്രൈനിംഗ് പ്രോഗ്രാമില്‍ പങ്കെടുത്താല്‍ ഭാവിയില്‍ പത്രസമ്മേളനം നടത്തുമ്പോള്‍ ഉപകാരപ്പെടുമെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല’ .
Post Your Comments