KeralaLatest NewsNews

”ഉപ്പുതിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ’: പിവി അന്‍വറിന് പിന്തുണയുമായി വീണ്ടും കെടി ജലീല്‍

മലപ്പുറം: പിവി അന്‍വറിന് പിന്തുണയുമായി വീണ്ടും കെടി ജലീല്‍ എംഎല്‍എ. പിവി അന്‍വര്‍ പറഞ്ഞതില്‍ അസത്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി നല്‍കട്ടെ  എന്ന് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. ചാവേറുകളാകാന്‍ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിര്‍ത്താനാകില്ലെന്നും കെ.ടി ജലീല്‍ പറയുന്നു. കുറ്റവാളികള്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഒരു അലിവും പ്രതീക്ഷിക്കണ്ടെന്നും അദ്ദേഹം പറയുന്നു.

Read Also: ഉത്തര കൊറിയയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആയിരങ്ങള്‍ മരിച്ചതിന് 30 ഉദ്യോഗസ്ഥരെ കൊന്ന് കിം ജോങ് ഉന്‍

ഉപ്പു തിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഓഫീസര്‍മാര്‍ കുടുങ്ങും പങ്കാളികളായ പൊലീസ് ‘പ്രമുഖന്മാരെ’ തല്‍സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടും. സ്വര്‍ണക്കടത്തില്‍ പങ്കാളി ആയവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടിയോടെ പുറത്ത് കാണിക്കും കെടി ജലീല്‍ -ജലീല്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഉപ്പുനിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ!
വഞ്ചകരും അഴിമതിക്കാരുമായ IPS ഏമാന്‍മാര്‍ കുടുങ്ങും. സംശയം വേണ്ട. എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും. ഒരിറ്റുദയപോലും അര്‍ഹിക്കാത്ത പോലീസ് ‘പ്രമുഖന്‍മാര്‍’ തല്‍സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവില്‍ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകള്‍ക്ക് അന്ത്യംകുറിക്കപ്പെട്ടു കഴിഞ്ഞു. ചുമരുകള്‍ക്ക് ജീവനുള്ള കാലമാണിത്. ‘ദൈവത്തിന്റെ കണ്ണുകള്‍’എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടിയോടെ മാന്തിപ്പുറത്തിടും. രാത്രിയുടെ അന്ത്യയാമങ്ങളില്‍ കടത്തിക്കൊണ്ടു പോയ വസ്തുക്കള്‍ ഏത് കടലില്‍ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കരുതിയിരിക്കുക. നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവര്‍ത്തകരുടെ ഒളിക്യാമറകള്‍. എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആര്‍ക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാന്‍ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിര്‍ത്താനാവില്ല. ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പോലീസ് ഓഫീസര്‍മാരെ അവരുടെ കയ്യിലിരിപ്പിന്റെ ‘ഗുണം’ കൊണ്ട്, സര്‍വീസില്‍ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികള്‍ ആ ധീര സഖാവില്‍ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്ക് സാങ്കല്‍പ്പിക കഥകള്‍ മെനയുന്നവര്‍ നിരാശപ്പെടും. പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞതില്‍ അസത്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി നല്‍കട്ടെ. അതല്ലെങ്കില്‍ കോടതിയെ സമീപിക്കട്ടെ. അപ്പോള്‍ കാണാം സംഘികള്‍ കലക്കിയാല്‍ കലങ്ങാത്ത ‘തൃശൂര്‍പൂരം’.

shortlink

Related Articles

Post Your Comments

Related Articles


Back to top button