തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയായ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് തിരുവനന്തപുരത്തെ കോടതിയില്‍ കീഴടങ്ങിയത്. രണ്ടാഴ്ച മുമ്പ് ജയില്‍ ചാടിയ പ്രതിക്കായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി കീഴടങ്ങിയത്.ഭാര്യയെ കാണാനായാണ് ജയില്‍ ചാടിയതെന്ന് ഇയാള്‍ മൊഴി നല്‍കി. ശനിയാഴ്ച ഉച്ചയോടെ ഭാര്യയോടും മകനോടുമൊപ്പമാണ് ഇയാള്‍ കോടതിയില്‍ ഹാജരാകാനെത്തിയത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയായിരുന്നു പ്രതിയുടെ ജയില്‍ ചാട്ടം.
തിരുവനന്തപുരത്ത് സ്വര്‍ണ്ണക്കട ഉടമയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 2017 മുതല്‍ ജാഹിര്‍ ഹുസൈന്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. രണ്ടാഴ്ച മുമ്പ് അലക്ക് ജോലിയുമായി ബന്ധപ്പെട്ട് ജയില്‍ കോമ്പൗണ്ടിന്റെ പുറക് വശത്തുള്ള അലക്ക് കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് പൂജപ്പുര പൊലീസ് ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ 11.30യോടെ ഇയാള്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പൊലീസിന് കൈമാറിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
Post Your Comments