തിരുവനന്തപുരം: എസ്‌ഐയെ തിരികെ വിളിപ്പിച്ചു സല്യൂട്ട് അടിപ്പിച്ചു എന്ന വിവാദത്തിൽ അനുകൂല പ്രതികൂല ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇതിൽ ശങ്കു ടി ദാസിന്റെ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
ശരിക്കും ഈ പോലീസുകാർക്ക് മാത്രമായിട്ട് എന്തിനാണ് സല്യൂട്ട് അടിക്കുന്ന ഒരു സമ്പ്രദായം ഉണ്ടാക്കിയിട്ടുള്ളത്?
സർക്കാർ സർവീസിലുള്ള മറ്റൊരു ഉദ്യോഗസ്ഥർക്കും മേലാവിലുള്ളവരോട് ശരീര ഭാഷയിലൂടെയും കായികാദ്ധ്വാനത്തിലൂടെയും പ്രത്യക്ഷ ആംഗ്യ വിക്ഷേപണത്തിലൂടെയും തന്നെ ബഹുമാനം പ്രകടിപ്പിക്കേണ്ട യാതൊരു ബാധ്യതയുമില്ല.
വില്ലേജ് ഓഫീസിലെ ഗുമസ്തന് കളക്ടർ മുന്നിൽ വന്നാൽ പോലും വിരലഞ്ചും നെറ്റിയിൽ പതിച്ച് സലാം വെയ്ക്കേണ്ട.
ഗവണ്മെന്റ് സ്കൂൾ അധ്യാപിക ഹെഡ് മാസ്റ്ററെ കണ്ടാലും ചാടിയെണീറ്റ് ഓച്ഛാനിക്കണമെന്നൊരു ചട്ടവുമില്ല.
സാക്ഷാൽ മുഖ്യമന്ത്രി തന്നെ നേരിൽ വന്നു നിന്നാലും നല്ല ചിരിയോട് കൂടിയൊരു നമസ്കാരം പറയലിൽ കവിഞ്ഞൊന്നും ഒരു ബ്യൂറോക്രാറ്റിനും ചെയ്യേണ്ട കാര്യമില്ല.
പക്ഷെ സേനയിൽ ഉള്ളവർക്ക് മാത്രം മുകളിലുള്ളവരോടുള്ള ബഹുമാനം എന്നത് പെരുമാറ്റത്തിൽ മാത്രം പോര, പ്രകടനത്തിലും വേണം.
ഡി.ജി.പി ആയാലും മന്ത്രിയെ കണ്ടാൽ സല്യൂട്ട് അടിക്കണം.
രാജ്യത്തിന്റെ കരസേനാ മേധാവി ആണെങ്കിലും രാഷ്ട്രപതിയുടെ മുന്നിൽ അറ്റൻഷനിൽ നിൽക്കണം.
അതെന്ത് കൊണ്ടാണ് അങ്ങനെ?
അതങ്ങനെ വേണമെന്നത് കൊണ്ടാണങ്ങനെ.
അതാ സേനയുടെ സ്വഭാവം കൊണ്ട് തന്നെ ഉണ്ടാക്കി വെച്ചിട്ടുള്ള നിയമപരമായ നിഷ്കർഷയാണ്.
നിരന്തരമായ ഒരു ഓർമ്മപ്പെടുത്തലാണത്.
വലിയ അധികാരം കയ്യാളുന്ന സംവിധാനങ്ങളാണ് പോലീസ് ഉൾപ്പെടെയുള്ള സുരക്ഷാ സേനകൾ.
ക്രമസമാധാന പരിപാലനത്തിന്റെയും രാജ്യ സുരക്ഷയുടെയും പേരിൽ ചോദ്യം ചെയ്യപ്പെടാത്ത പല അവകാശങ്ങളും അവർക്ക് കിട്ടുന്നുണ്ട്.
ഭരണകൂട ഭീകരത ജനങ്ങൾക്ക് അനുഭവവേദ്യമാകുന്നത് പോലീസിങ്ങിലൂടെ മാത്രമാണ് എന്നൊരു ചൊല്ലുണ്ട്.
കാക്കി ചട്ട എന്നാൽ സാക്ഷാൽ നിയമ വ്യവസ്ഥ തന്നെയാണെന്ന് ജനതക്കിടയിൽ ഒരു പൊതു ബോധ്യമുണ്ട്.
ഇത് അപകടകരമായ ഒരു വ്യവസ്ഥയാണ്.
ഒരു വ്യക്തിയെ ഒരു ഉദ്യോഗത്തിലൂടെ നിയമം നടപ്പാക്കേണ്ടവൻ ആക്കുന്ന പ്രക്രിയയാണ്.
എല്ലാ ദൗർബല്യങ്ങളോടും കൂടിയ ഒരു ശരാശരി മനുഷ്യനെ ഒരു ലോ എൻഫോഴ്സ്മെന്റ് ഏജൻസി തന്നെ ആക്കി മാറ്റുന്ന സാഹസമാണ്.
അവിടെയാണ് അയാളുടെ അച്ചടക്കം മറ്റാരുടേതിനേക്കാളും അനിവാര്യമാകുന്നത്.
നിരന്തരമായി നിരീക്ഷിക്കപ്പെടുന്ന, സ്ഥിരമായി പരിശീലിപ്പിക്കപെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുന്ന, അച്ചടക്കമുണ്ടെന്ന് തുടർച്ചയായി ആവർത്തിച്ചുറപ്പിക്കപ്പെടുന്ന ആളുകൾ മാത്രമേ നിയമ പരിപാലകർ ആവാവൂ എന്നതിന്റെ ന്യായമിതാണ്.
അതില്ലെങ്കിൽ കാക്കിയിൽ കേറുന്ന ഉദ്യോഗസ്ഥന് സ്വയം പൊന്നു തമ്പുരാൻ അയി തോന്നും.
അപ്പോളാണയാൾ ഒന്നിനും പാങ്ങില്ലാത്ത സാധാരണ മനുഷ്യരെ എടാ മറ്റേ മോനേ എന്ന് വിളിക്കുന്നത്.
അതില്ലെങ്കിൽ അഞ്ചു നക്ഷത്രമുള്ള ഏമാന്മാർക്ക് ഇനി നമുക്കങ്ങു ഭരിച്ചൂടെ രാജ്യം എന്ന് തോന്നും.
അപ്പോളാണ് പട്ടാള അട്ടിമറികൾ നടക്കുന്നത്.
അതില്ലാതിരിക്കാൻ ആണ് അത്രമേൽ അധികാരം കയ്യാളുന്ന ഇവരെ മാത്രം നിങ്ങൾ ആജ്ഞകൾ അനുസരിക്കുന്ന ഒരു അച്ചടക്കമുള്ള സേന മാത്രമാണ് എന്ന് നമുക്ക് നിരന്തരമായി ഓർമിപ്പെടുത്തേണ്ടി വരുന്നത്.
നിങ്ങൾ സ്വയം നിയമം അല്ലെന്നും നിയമം ഉണ്ടാക്കുന്ന സംവിധാനം വേറെയുണ്ടെന്നും അവർക്ക് കീഴിലാണ് ഇപ്പോളും നിങ്ങൾ എന്നും ഓർമ്മപ്പെടുത്തേണ്ടി വരുന്നത്.
അത് കൊണ്ടാണ് ജനത്തെയും ജനപ്രതിനിധികളെയും ജനാധിപത്യത്തെയും ബഹുമാനിക്കാനുള്ള ബാധ്യത അവരെ ഓരോ ദിവസവും ഓർമപ്പെടുത്തേണ്ടി വരുന്നത്.
അത് കൊണ്ട് തന്നെയാണ് മറ്റൊരു സർക്കാർ സർവീസ് ഉദ്യോഗസ്ഥനും ചെയ്യേണ്ടതില്ലാത്ത മട്ടിൽ അവർക്ക് മാത്രം അച്ചടക്കം അനുദിവസം പ്രദർശിപ്പിക്കേണ്ടി വരുന്നതും.
പറഞ്ഞു വന്നത് ഒല്ലൂർ എസ്.ഐയെ കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് അടിപ്പിച്ച വിഷയമാണ്.
അസ്സലായി എന്നാണ് എന്റെ അഭിപ്രായം.
ആകാശം ഇടിഞ്ഞു വീണാലും പോലീസുകാരന്റെ മനോവീര്യം തകരുരുത് എന്ന് കരുതുന്ന ആഭ്യന്തര മന്ത്രിക്ക് കീഴിൽ കേരളാ പോലീസ് ഒരു ജനമർദ്ധക സംവിധാനമായി മാറിയ കാലത്ത് കണ്ട ജനാധിപത്യത്തിന്റെ ഓർമപ്പെടുത്തൽ ആണ് സുരേഷ് ഗോപി.
അദ്ദേഹം രാജ്യസഭയിലെ രാഷ്‌ട്രപതി നിർദ്ദേശിച്ച വിശിഷ്ടാംഗം ആണ്.
ജനപ്രതിനിധി പോലുമല്ല, രാജ്യത്തിനു മുന്നിൽ സംസ്ഥാനത്തിന്റെ തന്നെ പ്രതിനിധിയാണ്.
ലോക്സഭ ‘ഹൗസ് ഓഫ് പീപ്പിൾ’ ആണെങ്കിൽ രാജ്യസഭ ‘കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്’ ആണെന്ന് ഓർക്കണം.
ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥയിൽ ലോക്സഭ ലോവർ ഹൗസ് ആയിരിക്കുമ്പോൾ അപ്പർ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഉപരി സഭയാണ് രാജ്യസഭ.
അതിലേക്ക് രാജ്യത്തിന് നൽകിയ അതുല്യ സംഭവനകളുടെ പേരിൽ രാഷ്‌ട്രപതി ക്ഷണിച്ചു വരുത്തുന്ന പന്ത്രണ്ട് പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി.
പിൽക്കാലത്ത് പ്രസിഡന്റ് ആയ ഡോ. സാകിർ ഹുസൈൻ മുതൽ രാജ്യം നെഞ്ചേറ്റുന്ന ലതാ മംഗേഷ്കറും സച്ചിൻ ടെണ്ടുൽക്കറും വരെ അങ്ങനെ രാജ്യസഭയിൽ വന്നവരാണ്.
അദ്ദേഹത്തോട് ബഹുമാനം കാണിക്കില്ലെന്നാണ് ഒല്ലൂർ എസ്.ഐ പറയുന്നത്.
ഇയാൾ സിപിഎം ജില്ലാ സെക്രട്ടറിയെ കണ്ടാൽ ചാടി എണീറ്റ് സല്യൂട്ട് അടിക്കും.
കോൺഗ്രസ്സ് ജില്ലാ നേതാവിനെ കണ്ടാൽ അറ്റൻഷനിൽ നിന്ന് വെളുക്കെ ചിരിക്കും.
പക്ഷെ ബിജെപിക്കാരൻ ആയതോണ്ട് സുരേഷ് ഗോപി രാജ്യസഭാ അംഗം ആയാലും ഏമാന് വണ്ടിയിൽ നിന്നൊന്ന് പുറത്തിറങ്ങാൻ വയ്യാത്രെ.
ഞാൻ കണ്ടതാണ് ആ വീഡിയോ.
സുരേഷ് ഗോപി വിളിപ്പിച്ചിട്ട് 15 മിനിറ്റ് കഴിഞ്ഞിട്ടും അയാളൊന്ന് അത് വരെ ചെല്ലുന്നില്ല.
ഇവനൊക്കെ ഇത്രയും മതി എന്ന ഭാവത്തിൽ വണ്ടിയിൽ തന്നെ ഇരിക്കുകയാണ്.
ഒരു പ്രാദേശിക പ്രശ്നം അന്വേഷിക്കാൻ വന്ന പാർലമെന്റ് അംഗത്തോടുള്ള സമീപനമാണ്.
എന്നിട്ടും അയാൾ ചെല്ലുമ്പോൾ സുരേഷ് ഗോപി അയാളെ “സാർ” എന്നാണ് വിളിക്കുന്നത്.
എടോ എന്നോ എടാ എന്നോ നീ എന്നോ താൻ എന്നോ അല്ല.
സാർ എന്നാണ് വിളിക്കുന്നത്.
ഒരു സല്യൂട്ട് ഒക്കെ ആവാം എന്ന് മര്യാദയോടെ ഓർമിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ഇവനെ ഒന്നും വക വെയ്ക്കേണ്ട കാര്യം എനിക്കില്ലെന്ന ധാർഷ്ട്യത്തോടെ നിൽക്കുന്ന ഏമാനെ താൻ ആരാണെന്നും ഞാൻ ആരാണെന്നും ഓർമിപ്പിക്കുകയാണത്.
അതയാൾക്ക് വെട്ടി വെളിച്ചപ്പെടുന്ന നിമിഷത്തിൽ തനിയെ സംഭവിക്കുന്ന പ്രതികരണമാണ് ആ പെട്ടെന്നുള്ള ഞെട്ടിയ സല്യൂട്ട്.
ജലം അതിന്റെ നാഥനെ തിരിച്ചറിയുന്നത് പോലെ പോലീസ് അവന്റെ നിയന്ത്രകനെ തിരിച്ചറിയുകയാണ് അവിടെ.
അത് സുന്ദരമാണ്.
അത് ജനാധിപത്യമാണ്.
പൊൻ രാധാകൃഷ്ണൻ ഒക്കെ കണ്ടു പഠിക്കണം സുരേഷ് ഗോപിയെ.
നിങ്ങൾ ആണെന്നതിന്റെ പേരിൽ മാത്രം നിങ്ങളുടെ കൂട്ടർക്ക് നിഷേധിക്കപ്പെടുന്ന സല്യൂട്ട് പോലും നിങ്ങൾക്ക് വേണ്ടാതെയും നിങ്ങളുടെ കൂട്ടർക്കായി വാങ്ങിച്ചെടുക്കുന്നതാണ് രാഷ്ട്രീയം.
Post Your Comments