കോട്ടയം: ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിക്ക് പ്രത്യേക നേട്ടങ്ങളുണ്ടാക്കിയില്ലെന്ന സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ച് കേരള കോണ്‍ഗ്രസ് നേതാവ്. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മറ്റി അംഗവും വയനാട് ജില്ലാ പ്രസിഡന്റുമായ കെ.ജെ. ദേവസ്യയാണ് കാനത്തിന് കത്തയച്ചത്. കേരള കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത് കാനം – ഇസ്മായില്‍ പോര് മറച്ചു വയ്ക്കാനാണെന്ന് കത്തില്‍ ആരോപിക്കുന്നു. കേരള കോണ്‍ഗ്രസ് എം മത്സരിച്ച മണ്ഡലങ്ങളില്‍ സിപിഐ വോട്ടുകള്‍ മാറ്റി കുത്തിയതായും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ശക്തികേന്ദ്രമായിരുന്ന പാലാ പിടിച്ചെടുക്കുക എന്ന എല്‍ഡിഎഫിന്റെ ചിരകാല സ്വപ്‌നത്തിന്റെ ഭാഗമായിട്ടായിരുന്നു ജോസ് കെ മാണിയെ ഒപ്പം കൂട്ടിയത്. ജോസ് കെ മാണിയും പാലായും തമ്മിലുള്ള വൈകാരിക ബന്ധം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഊട്ടി ഉറപ്പിക്കാന്‍ എല്‍ഡിഎഫ് തീവ്ര ശ്രമം നടത്തിയെങ്കിലും പാല മാണി സി കാപ്പന്‍ കൊണ്ടു പോകുകയായിരുന്നു.
കെ.എം മാണിയുടെ മരണത്തിനുശേഷം 2019 സെപ്റ്റംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ചരിത്രത്തിലാദ്യമായി ഇടതു മുന്നണി പാലായില്‍ ഇടം കണ്ടെത്തിയത്. എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ അട്ടിമറി വിജയത്തിലൂടെയായിരുന്നു നേട്ടം. ആ മാണി സി കാപ്പനെ പോലും തള്ളിക്കൊണ്ടാണ് ജോസ് കെ മാണിക്ക് എല്‍ഡിഎഫ് കൈകൊടുത്തത്. എന്നാല്‍ പാര്‍ട്ടി പോലും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ജോസ് കെ മാണി മുന്നണിക്ക് സമ്മാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകളില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എം ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്. അതേസമയം എന്‍സികെ എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിച്ച മാണി സി കാപ്പന്‍ വീണ്ടും വിജയിക്കുകയും ചെയ്തു. ഇതോടെയാണ് ജോസ് കെ മാണിയ്ക്ക് നേരെയുള്ള ആരോപണങ്ങള്‍ ശക്തമായത്.
Post Your Comments