കൊച്ചി: മലയാള സിനിമയിൽ അതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ശബ്ദ ശൈലിയിലൂടെ വേറിട്ട ഭാവങ്ങളിലൂടെ സുന്ദരനായ ‘ജോൺ ഹോനായി’ എന്ന വില്ലനിലൂടെ റിസബാവ എന്ന നടനെ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റുകയായിരുന്നു. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ‘ഇൻ ഹരിഹർ നഗർ’ എന്ന ചിത്രത്തിലാണ് റിസബാവ എന്ന അതുല്യ കലാകാരൻ ജോൺ ഹോനായി എന്ന വില്ലനായെത്തിയത്. അദ്ദേഹത്തിന്റെ ശബ്ദം തന്നെയായിരുന്നു റിസബാവ എന്ന നടനെ വ്യത്യസ്തനാക്കിയത്. ‘അമ്മച്ചി ആ പെട്ടി ഇങ്ങു തന്നേക്ക്’ എന്ന ഡയലോഗ് പറയുമ്പോൾ റിസബാവയെ അല്ലാതെ മറ്റാരെയും അവിടെ സങ്കൽപിക്കാൻ നമുക്ക് സാധിക്കാത്തതും ശബ്ദത്തിന്റെ പ്രത്യേകത കൊണ്ടു തന്നെ.
120 ലധികം സിനിമകളിൽ അഭിനയിച്ച റിസബാവയ്ക്ക് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുന്നത് ഡബ്ബിങ്ങിനാണ്. 2010 ൽ പുറത്തിറങ്ങിയ ‘കർമയോഗി’ എന്ന ചിത്രത്തിൽ തലൈവാസൽ വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന് നൽകിയ ശബ്ദമാണ് പുരസ്കാരനേട്ടത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. നിരവധി ടിവി സീരിയലുകളിലും അദ്ദേഹം ഡബ്ബ് ചെയ്തു.
നാടകവേദികളിലൂടെയാണ് റിസബാവ അഭിനയം ആരംഭിക്കുന്നത്. 1984 ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ആറുവർഷങ്ങൾക്ക് ശേഷം റിസബാവ നായകനായി. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതിയിൽ പാർവതിയുടെ നായകനായത് റിസബാവയായിരുന്നു. അതേവർഷം തന്നെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇൻ ഹരിഹർ നഗർ.
ബന്ധുക്കൾ ശത്രുക്കൾ, ആനവാൽ മോതിരം, കാബൂളിവാല, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, അനിയൻ ബാവ ചേട്ടൻ ബാവ തുടങ്ങി നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. പ്രണയം, ദ ഹിറ്റ്ലിസ്റ്റ്, കർമയോഗി, കളിമണ്ണ് എന്നീചിത്രങ്ങൾക്കായി ശബ്ദം നൽകി.
Post Your Comments