ദുബായ്: യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രൊജക്ട് ഓഫ് 50 യുടെ ഭാഗമായുള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനം നടത്തി. അബുദാബിയിലെ ഖസർ അൽ വതാൻ പ്രസിഡൻഷ്യൽ പാലസിൽ രാവിലെ 9.30 നാണ് പ്രഖ്യാപനം നടന്നത്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാർക്ക് സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിന് നേരത്തേ വിരമിക്കാനുള്ള അവസരം നൽകുന്ന പദ്ധതി ഉൾപ്പെടെയാണ് പ്രഖ്യാപിച്ചത്. നേരത്തേ വിരമിച്ചവർക്ക് അവരുടെ സംരംഭക സ്വപ്നങ്ങൾ പിന്തുടരാൻ സാമ്പത്തിക പ്രോത്സാഹനവും നൽകും. ജോലി നഷ്ടപ്പെട്ട് എമിറേറ്റ് സ്വദേശികൾക്ക് സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചു. പുതിയ ജോലി അന്വേഷിച്ച് കണ്ടെത്തുന്ന ആറു മാസ സമയത്തേക്കാണ് സാമ്പത്തിക സഹായങ്ങൾ നൽകുക.
സ്വകാര്യ മേഖലയിലെ എമിറേറ്റ് സ്വദേശികൾക്കുള്ള വിരമിക്കൽ ഫണ്ടും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറേറ്റി സ്വദേശികളായ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളെ വളർത്താനും അലവൻസുകൾ അനുവദിക്കും. ആരോഗ്യ രംഗത്ത് ഉൾപ്പെടെ സ്വകാര്യ മേഖലയിൽ പണിയെടുക്കുന്നവർക്ക് അഞ്ച് വർഷത്തേക്ക് പ്രതിമാസം 5,000 ദിർഹം അധികമായി ലഭിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു.
Post Your Comments