തിരുവനന്തപുരം: കരിപ്പൂര്‍ വിമാന ദുരന്തത്തിന് കാരണമായത് പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൈലറ്റ് വിമാനം താഴെയിറക്കിയത് റണ്‍വേയുടെ പകുതിയും കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍വേയില്‍ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറിയപ്പോള്‍ മുന്നറിയിപ്പുകള്‍ കൊടുത്തെങ്കിലും പൈലറ്റ് വിമാനം അമിത വേഗതയില്‍ മുന്നോട്ട് കൊണ്ടു പോകുകയായിരുന്നു. കൂടാതെ ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒരു വര്‍ഷം മുമ്പ് 2020 ഓഗസ്റ്റ് 7 രാത്രി 8 മണിയോടുകൂടിയായിരുന്നു അപകടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെടുകയായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. താഴ്ചയിലേക്ക് വീണ വിമാനം രണ്ടായി പിളരുകയും ചെയ്തു. യാത്രക്കാരും ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 21 പേര് മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും 73 പേര് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്ന് നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. ലോകത്തെ ഒന്നാംനിര വിമാന കമ്പനികളിലൊന്നായ ബോയിംഗ് കമ്പനി നിര്‍മിച്ച 737 വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്.
Post Your Comments