ന്യൂഡൽഹി: താലിബാൻ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാൻ ഭീകരതയുടെ ആസ്ഥാനമാകരുതെന്ന ഇന്ത്യൻ നിലപാടിന് ബ്രിക്സ് ഉച്ചകോടിയിൽ റഷ്യയുടെ പരസ്യ പിന്തുണ. അഫ്ഗാൻ മണ്ണ് ഭീകരപ്രവർത്തനത്തിനുള്ള താവളമായി ഉപയോഗിക്കരുതെന്നും മറ്റു രാജ്യങ്ങൾക്കെതിരായ ഭീകരതയുടെ കേന്ദ്രമാകരുതെന്നും ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടി ആവശ്യപ്പെട്ടു.
Also Read: കോവിഡ് പരിശോധന നിരക്കുകള്‍ പുതുക്കി ആരോഗ്യവകുപ്പ്
അഫ്ഗാനിസ്ഥാൻ അയൽ രാജ്യങ്ങൾക്ക് ഭീഷണിയാകരുതെന്നും ഭീകരതയുടെയും മയക്കുമരുന്ന് കടത്തിന്റെയും ഉറവിടമാകരുതെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു. താലിബാനെ പിന്തുണയ്ക്കുകയും അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ ഒത്താശയോടെ കൈകടത്താൻ ശ്രമിക്കുകയും ചെയ്യുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ സാന്നിദ്ധ്യത്തിലാണ് പുട്ടിന്റെ പരാമർശങ്ങൾ. ഡൽഹി പ്രഖ്യാപനം എന്ന പേരിൽ അംഗീകരിച്ച സംയുക്ത നിലപാടിൽ അഫ്ഗാനിലെ സർക്കാർ രൂപീകരണം സമാധാനപമായിരിക്കണം എന്ന നിർദ്ദേശം ബ്രിക്സ് രാജ്യങ്ങൾ മുന്നോട്ടു വച്ചു.
ഭീകരരുടെ അതിർത്തി കടന്നുള്ള നീക്കവും ഭീകര പ്രവർത്തനത്തിന് ധനസഹായം നൽകുന്ന ശൃംഖലകളും സുരക്ഷിത താവളങ്ങളും ഉൾപ്പെടെ ഭീകരവാദത്തിനെതിരെ പോരാടാൻ അഫ്ഗാൻ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്ത് സ്ഥിരത, സമാധാനം, ക്രമസമാധാനം എന്നിവ ഉറപ്പുവരുത്തുന്നതിനായി അഫ്ഗാനിൽനിന്നുള്ള സംവാദവും നേതാക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽ നൂറിലേറെ പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തെ ഉച്ചകോടി അപലപിച്ചു.
അഫ്ഗാനിസ്ഥാൻ ഭീകരതയുടെ താവളമാകരുതെന്ന് താലിബാൻ തിരിച്ചെത്തിയ ആഗസ്റ്റ് 15 മുതൽ ഇന്ത്യ പറയുന്നുണ്ട്. റഷ്യൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് നിക്കോളായ് പട്രുഷേവിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ എത്തിയ സംഘത്തെ ഇന്ത്യ നിലപാട് അറിയിച്ചിരുന്നു.ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു.
Post Your Comments