മുംബൈ: ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിയാനുള്ള ഒരുക്കത്തിലാണ് മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ശാസ്ത്രി സ്ഥാനം ഒഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് എത്തുമെന്നാണ് കരുതിയിരുന്നെങ്കിലും ദേശീയ അക്കാദമി ചെയർമാനായി തുടരുമെന്ന് താരം അറിയിച്ചതോടെ പരിശീലക സ്ഥാനത്തേക്കുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.
ദ്രാവിഡ് അല്ലെങ്കിൽ ആര് എന്ന ചോദ്യം ഉയരുമ്പോൾ പ്രധാനമായും രണ്ടു പേരുകളാണ് ഉയർന്നു കേൾക്കുന്നത്. മുൻ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗാണ് ഇതിലൊരാൾ. നേരത്തെ തന്നെ ഇന്ത്യയുടെ പരിശീലകനാവാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള താരമാണ് സെവാഗ്. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ പരിശീലകനായി സെവാഗ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ടീമിനൊപ്പം ഒരു മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
നിലവിലെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോറാണ് പരിശീലക സ്ഥാനത്തേക്ക് സാധ്യതയുള്ള മറ്റൊരാൾ. കോഹ്ലിയുടെ ക്യാപ്റ്റൻസിയ്ക്ക് കീഴിലുള്ള ഇന്ത്യൻ ടീമിനെ നന്നായി അറിയാവുന്ന റാത്തോറിന് നിലവിലെ ടീം ഘടനയുമായി മുന്നോട്ടുപോകാൻ എളുപ്പമായിരിക്കും. പുതിയൊരു പരിശീലകനെത്തിയാൽ നിലവിലെ പദ്ധതികളിൽ വലിയ മാറ്റമുണ്ടാകും എന്നത് നിലവിൽ ടീമിനൊപ്പമുള്ള റാത്തോറിന് സാധ്യത വർദ്ധിപ്പിക്കുന്നു.
Post Your Comments