ErnakulamLatest NewsKerala

മുട്ട പൊരിക്കുന്നതിനിടെ പൊള്ളലേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

അഞ്ചുലക്ഷത്തിലേറെ രൂപ ചെലവുവരുന്ന ചികിത്സയുടെ അഡ്വാന്‍സായി 2.5 ലക്ഷം രൂപ അടയ്ക്കാന്‍ സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടു.

കൊടുവായൂര്‍: മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. കൊടുവായൂര്‍ കാക്കയൂര്‍ ചേരിങ്കല്‍ വീട്ടില്‍ കണ്ണന്റെയും രതിയുടെയും മകള്‍ വര്‍ഷയാണ് (17) മരിച്ചത്. എറണാകുളം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നാണ് മരിച്ചത്.പല്ലശ്ശന വി.ഐ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ വര്‍ഷ പരീക്ഷയ്ക്ക് പോകുന്നതിനു മുന്നോടിയായി ചോറുണ്ണുന്നതിന് മുട്ട പൊരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അടുപ്പിലെ ഓലയിലും ചുള്ളിക്കമ്പിലും മണ്ണെണ്ണ ഒഴിച്ചതോടെ ആളിക്കത്തിയ തീ മുടിയിലും വസ്ത്രത്തിലും പിന്നീട് ശരീരത്തിലേക്കും പടര്‍ന്നാണ് ഗുരുതരമായി പൊള്ളലേറ്റത്. വീട്ടിലെ മുറിയില്‍ കിടക്കുകയായിരുന്ന അച്ഛന്‍ കണ്ണന്‍ നിലവിളികേട്ട് അടുക്കളയിലെത്തിയപ്പോള്‍ പൊള്ളലേറ്റ മകളെയാണ് കണ്ടത്. ഉടന്‍ വെള്ളമെടുത്ത് ഒഴിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈമാസം രണ്ടിന് ഉച്ചയ്ക്ക് 12.10-നാണ് വര്‍ഷയ്ക്ക് പൊള്ളലേറ്റ അപകടം നടന്നത്.

പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. 65 ശതമാനം പൊള്ളലേറ്റതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ ഐ.സി.യു. കിടക്ക ഒഴിവില്ലാത്തതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുലക്ഷത്തിലേറെ രൂപ ചെലവുവരുന്ന ചികിത്സയുടെ അഡ്വാന്‍സായി 2.5 ലക്ഷം രൂപ അടയ്ക്കാന്‍ സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടു.

ഇതിനു കഴിയാതെ വന്നതോടെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അച്ഛന്‍ കണ്ണന്‍ പാലക്കാട്ട് ഓട്ടോഡ്രൈവറും അമ്മ രതി പുതുനഗരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. പുതുനഗരം പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുംശേഷം ഇന്ന് മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സഹോദരങ്ങള്‍: വിഷ്ണു, ജിഷ്ണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button