തിരുവനന്തപുരം: കേരളാ പൊലീസില്‍ ഉള്ളത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടകളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്ന സിപിഐ ദേശിയ നിര്‍വ്വാഹക സമിതി അംഗം ആനിരാജയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു അദ്ദേഹം. ആനി രാജയ്ക്ക് തലയ്ക്ക് വെളിവില്ലെന്നും അവരുടെ വിമര്‍ശനം കൊണ്ടത് പിണറായി വിജയനാണെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടകളും ആശ്രിത വത്സലരുമാണ് പൊലീസിലുള്ളത്. മത തീവ്രവാദികള്‍ക്കെതിരെ മൃദു സമീപനം സ്വീകരിക്കുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു. ബാലരാമപുരം ആറ്റിങ്ങല്‍ സംഭവങ്ങളില്‍ നടപടി എടുക്കാത്തത് തന്നെ പൊലീസിനെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുന്നത് കൊണ്ടാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
അതേസമയം കേരളാ പൊലീസില്‍ ആര്‍എസ്എസ് ഗ്യാങുണ്ടെന്ന ആനിരാജയുടെ പരാമര്‍ശം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തള്ളി. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആക്ഷേപം സിപിഐക്ക് ഇല്ല. പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതിയുമില്ലെന്ന് കാനം പറഞ്ഞു. ഇക്കാര്യങ്ങള്‍ ആനി രാജയെയും കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും ആനി രാജ ഉന്നയിച്ചപോലുള്ള വിമര്‍ശനം ഇല്ലെന്ന് കാനം പറഞ്ഞു.
Post Your Comments