മുഖവുര വേണ്ടാത്ത കാട്ടുകൊള്ളക്കാരനാണ് വീരപ്പന്‍. സത്യമംഗലം വനത്തിനുളളിലിരുന്ന് വീരപ്പന്‍ മീശപിരിച്ചാല്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും നേതാക്കള്‍ക്കും പൊലീസുകാര്‍ക്കുമൊക്കെ നെഞ്ചിടിപ്പ് കൂടും. ബില്‍ഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകള്‍, സത്യമംഗലം, ഗുണ്ടിയാല്‍ വനങ്ങള്‍ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര രംഗം. മേട്ടൂരിലെ വനത്തില്‍ വെറുമൊരു മരംവെട്ടുകാരനായി ആരംഭിച്ച വീരപ്പന്റെ ജീവിതം ആനക്കൊമ്പുവേട്ടയും പിന്നീട് ചന്ദനത്തടിമോഷണവുമായി വളര്‍ന്ന് പടര്‍ന്ന് പന്തലിക്കുകയായിരുന്നു. 1980ല്‍ തന്റെ 36-ാം വയസിലാണ് വീരപ്പന്‍ ഒരു കൊള്ളസംഘത്തിന്റെ നേതാവായി മാറുന്നത്. ആയുധങ്ങളും അനുയായികളും ഉന്നതരുടെ സഹായവും സ്വാധീനവും ഉള്ള വലിയൊരു കൊള്ളസംഘത്തിന്റെ തലവന്‍. നാല്‍പതാം വയസില്‍ വീരപ്പന്‍ ചുവടുമാറ്റിച്ചവിട്ടി. ആനവേട്ടയ്ക്കു പകരം മനുഷ്യവേട്ടയില്‍ വീരപ്പന്‍ ആനന്ദം കണ്ടെത്തി. ഇരുപതുവര്‍ഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടര്‍ന്ന വീരപ്പനെ 2004 ഒക്ടോബര്‍ 18നാണ് സത്യമംഗലം കാട്ടിനടുത്തുള്ള പ്രദേശത്ത് വച്ച് തമിഴ്‌നാട് ദൗത്യസേന വെടിവച്ചു കൊലപ്പെടുത്തിയത്. മൂന്നു ദശകത്തിലേറെ ദക്ഷിണേന്ത്യയിലെ കാടുകളെ വിറപ്പിച്ച വീരപ്പന്‍ യുഗത്തിന്റെ അവസാനമായിരുന്നു അത്.
കര്‍ണാടക-കേരള-തമിഴ്നാടന്‍ വനങ്ങള്‍ അടക്കിഭരിച്ച വീരപ്പന്‍ ആസ്ത്മാ രോഗിയായിരുന്നെങ്കിലും ദിവസവും 25 കിലോമീറ്റര്‍ അദ്ദേഹം സംഘാംഗങ്ങളോടൊപ്പം സഞ്ചരിച്ചിരുന്നു. കാട്ടരുവികളും പുഴകളുമുള്ള സ്ഥലത്തുകൂടിയായിരുന്നു സഞ്ചാരം. കൊള്ളയടിച്ചതൊക്കെ സത്യമംഗലം വനത്തിലെ ഗുഹകളിലും കുഴികളിലുമൊക്കെയായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. വീരപ്പന്‍ കൊല്ലപ്പെട്ടയുടന്‍ ഈ നിധി കണ്ടെത്താന്‍ സായുധ സംഘങ്ങള്‍ക്കൊപ്പം നിരവധിയാളുകള്‍ കാടുകളില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കിട്ടിയിരുന്നില്ല.
ഇപ്പോള്‍ ഇതാ, ഒരു കാലത്ത് ആളുകളുടെ പേടിസ്വപ്നമായിരുന്ന വീരപ്പന്റെ ഗോപിനാഥത്തെ വനമേഖലയെ ട്രക്കിങ് പാതയാക്കി നവീകരിക്കാനൊരുങ്ങുകയാണ് കര്‍ണാടക വനം വകുപ്പ്. അഞ്ചു കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഈ പാതയില്‍ നടത്തുന്നത്. വീരപ്പന്റെ വിഹാര കേന്ദ്രമായിരുന്ന വനപ്രദേശം കാണുന്നതിനായി ‘നിഗൂഢ പഥം’ എന്ന പേരിലാണ് ഈ ട്രക്കിങ് പാത വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്. വീരപ്പന്റെ ജന്മസ്ഥലമാണ് തമിഴ്നാടിന്റെ അതിര്‍ത്തി ഗ്രാമമായ ഗോപിനാഥം. ഈ മേഖലയുടെ മുഖച്ഛായ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വനം വകുപ്പും ടൂറിസം വകുപ്പും പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഹൊഗ്ഗനക്കല്‍ അടക്കമുള്ള പ്രദേശത്തെ വെള്ളച്ചാട്ടങ്ങള്‍, വീരപ്പനുമായുണ്ടായ ഏറ്റുമുട്ടലില്‍ വനംവകുപ്പ്-പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട പ്രദേശങ്ങള്‍ എന്നിവയും സഞ്ചാര പഥത്തില്‍ ഉള്‍പ്പെടുത്തും.
Post Your Comments