കൊച്ചി: ഇന്നലെയാണ് സർക്കാർ സംസ്ഥാന ടെലിവിഷന്‍ പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചത്. ഇതിൽ മികച്ച സീരിയലിനുള്ള പുരസ്കാരം ഉണ്ടായിരുന്നില്ല. കലാമൂല്യവും നിലവാരമുള്ളതുമായ ഒരു സീരിയലും ഇല്ലെന്നായിരുന്നു ജൂറി കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ഈ കാറ്റഗറിയിൽ പുരസ്കാരം നൽകേണ്ടെന്നും തീരുമാനിച്ചു. ജൂറിയുടെ ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം രേഖപ്പെടുത്തിയവരുണ്ട്. ജൂറി തന്നെ സീരിയലുകളുടെ ശോചനീയാവസ്ഥ മനസ്സിലാക്കിയതിൽ സന്തോഷം ഉണ്ടെന്ന് അഭിഭാഷക ദീപ ജോസഫ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. സീരിയലുകളുടെ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ദീപയുടെ ദീപയുടെ പ്രതികരണം.
ദീപ ജോസഫിന്റെ ശ്രദ്ധേയമാകുന്നു പോസ്റ്റ് ഇങ്ങനെ:
പല പുരുഷന്മാരും കുട്ടികളും പറഞ്ഞ പരാതിയുടെ അല്ലെങ്കിൽ പങ്ക് വച്ച വിഷമങ്ങളുടെ അടിസ്ഥാനത്തിൽ കുറിക്കുന്നു..
വൈകുന്നേരം 5 മണി മുതൽ വീട്ടിലെ മഹിളാ മണികൾ TV റിമോട്ടും പിടിച്ചങ്ങിരുപ്പായി… ഒന്നിന് പിന്നാലെ രാത്രി 10.30 വരെ സീരിയൽ മഴ.. അന്യന്റെ ഭാര്യയെ പ്രേമിക്കുന്നതും അയല്പക്കത്തെ ഭർത്താവിന്റെ കൊച്ചു ഇപ്പുറത്തെ ചേച്ചിയുടെ വയറ്റിൽ വളരുന്നതും അമ്മായിഅമ്മ മരുമകളെ വിഷം കൊടുത്തു കൊല്ലുന്നതും മരുമകൾ അമ്മായി അമ്മയുടെ അവിഹിതം കണ്ടു പിടിക്കുന്നതും പണ്ട് അവിവാഹിതൻ ആയിരുന്ന സമയത്ത് കാമുകിക്ക് സമ്മാനിച്ച ഗർഭസ്ഥ ശിശു അപ്പനെ തിരഞ്ഞു പിടിക്കുന്നതും ഒരേ സമയം ഭർത്താവിനും കാമുകനും കീഴ്പ്പെട്ട് ജീവിക്കുന്ന സുന്ദരിമാരും തന്റെ എല്ലാമെല്ലാമായ കാമുകന് വേണ്ടി ഭർത്താവിനെ കൊല്ലുന്ന ഭാര്യമാരും കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ ആദ്യം അവളെ അടിമയാക്കുന്ന ഭർത്താവു പിന്നീട് കൊല്ലാനും മടിക്കാത്ത വില്ലൻ, മാതാപിതാക്കളെ എങ്ങനെ അനുസരിക്കാതിരിക്കാം എന്ന് PhD എടുക്കുന്ന മക്കൾ, മക്കളെ നിർദാഷിണ്യം ഉപേക്ഷിക്കുന്ന മാതാപിതാക്കൾ ഇതൊക്കെയാണ് ഇന്നത്തെ സീരിയലുകളുടെ പ്രമേയം.
Also Read:ചര്‍മ്മ സംരക്ഷണത്തിനായി വിറ്റാമിന്‍ സി അടങ്ങിയ പാനീയങ്ങള്‍
ഇതൊക്കെ ഒന്നു കാണാൻ മുഴുവൻ സമയം tV യുടെ മുന്നിൽ അർപ്പണ മനോഭാവത്തോടെ വ്യാപാരിക്കുന്ന സ്ത്രീജനങ്ങൾ. അവരുടെ സ്വന്തം മകൾ അയല്പക്കത്തെ കിളിയുടെ ഒപ്പം പറന്നു പോയാലും സ്വന്തം ഭർത്താവ് അപ്പുറത്തെ ചേച്ചിയെ ആശ്വസിപ്പിക്കാൻ പോയാലും ഈ ചേച്ചി ഇതൊന്നും അറിയുന്നേ ഇല്ല എന്നതാണ് സത്യം. കാരണം ചേച്ചി ഇന്നലെ കണ്ട സീരിയലിലെ നായകൻ ഭർത്താവിനെ കുറിച്ചോർത്തു വിഷമിക്കുന്നു.. അവരുടെ ജീവിതം നന്നാകാൻ നോമ്പ് നോക്കുന്നു.. സീരിയലിലെ പിള്ളേർ പഠിക്കാത്തതിന് വിങ്ങി പൊട്ടുന്നു.. സ്വന്തം മക്കളുടെ കാര്യം സ്വാഹാ.
ഒന്നറിയാം. സിനിമയിലും സീരിയലിലും ഉള്ള പലരുടെയും കുടുംബ ബന്ധങ്ങൾ ശിഥിലമാണ്. കാണുമ്പോൾ ഉള്ള പുറം മോഡി മാത്രേ ഉള്ളു.. അതുകൊണ്ട് ദയവായി നിങ്ങളുടെ വീടു നോക്കാൻ നിങ്ങൾ മാത്രേ ഉള്ളു. മൂവന്തിയിൽ വിളക്ക് കൊളുത്തി അസ്ഥിത്തറയിൽ അല്ലെങ്കിൽ തുളസി തറയിൽ തിരി തെളിയിച്ചു നാമം ജപിക്കുക.. നസ്രാണികൾ ആണെങ്കിൽ സന്ധ്യാ പ്രാർത്ഥന ചൊല്ലി കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാക്കുക.. സമയത്ത് ആഹാരം വെച്ചുണ്ടാക്കി ഭർത്താവിനും മക്കൾക്കും ഒപ്പം കഴിക്കുക.. അല്പം വീട്ട് വിശേഷങ്ങൾ, നാട്ടു കാര്യങ്ങൾ പങ്ക് വെക്കുക.. അറിവ് പകരുന്ന കാര്യങ്ങൾ, വാർത്തകൾ ഇവയൊക്കെ കുടുംബവും ഒന്നിച്ചു tv യിലോ യുട്യൂബിലോ ഒക്കെ കാണുക.. പരസ്പരം സ്നേഹിക്കാനും ആശയങ്ങൾ പങ്ക് വെക്കാനും ഒരുമിച്ചുള്ള സമയങ്ങളിൽ ശ്രമിക്കുക.. ജൂറി തന്നെ സീരിയലുകളുടെ ശോചനീയാവസ്ഥ മനസ്സിലാക്കിയതിൽ സന്തോഷം ഉണ്ട്.
Post Your Comments