ഏറ്റുമാനൂര്‍: സാമ്പത്തിക പരാധീനതകള്‍ മൂലം അവസാന നിമിഷം വിവാഹം പാതിവഴിയിലായ യുവതിക്ക് സഹായവുമായി സുരേഷ് ഗോപി എം പി. യുവതിയുടെയും അമ്മയുടെയും ധർമ്മസങ്കടം തിരിച്ചറിഞ്ഞ സുരേഷ് ഗോപി നേരിട്ടെത്തി യുവതിക്കാവശ്യമായ കല്യാണ സാരിയും നടത്തിപ്പിനാവശ്യമായ തുകയും കൈമാറി. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തത് കാരണം ഇടുക്കി ദേവികുളം ഹൈസ്‌കൂളിനു സമീപം പിഡബ്ല്യുഡി ഉപേക്ഷിച്ച ഷെഡിലാണ് യുവതിയും അമ്മയും താമസിച്ചുവരുന്നത്. പിതാവ് 21 വര്‍ഷം മുന്‍പ് മരിച്ചതാണ്.
അമ്മ താല്‍ക്കാലിക ജോലി ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞിരുന്നത്. കോവിഡ് പ്രതിസന്ധി ഉണ്ടായതോടെ രണ്ട് വര്‍ഷമായി അമ്മയ്ക്കു ജോലിയും നഷ്ടപ്പെട്ടു. ഇതോടെ സെപ്റ്റംബര്‍ 9 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയുടെ വിവാഹവും പ്രതിസന്ധിയിലായി. കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ് സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു സംഘം നേരത്തെ എത്തിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.
ഈ സമയത്ത് കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ ദേവികുളം പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ സിന്ധു പുരുഷോത്തമനും, എസ്‌ഐ അശോകനും സുരേഷ് ഗോപി എംപിയെ ഫോണില്‍ ബന്ധപ്പെട്ട് വിഷയം ധരിപ്പിച്ചു. തനിക്ക് സാധ്യമായത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയ സുരേഷ് ഗോപി ബിജെപി ഇടുക്കി ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെയും കുടുംബത്തെയും കുറിച്ചുള്ള വിശദവിവരങ്ങള്‍ മനസിലാക്കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം അടൂരില്‍ നിന്നു എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രമൈതാനത്തു വച്ച് വിവാഹത്തിനാവശ്യമായ കല്യാണസാരിയും ഒരു ലക്ഷം രൂപയുടെ ചെക്കും സുരേഷ് ഗോപി കൈമാറി.
ബിജെപി ഇടുക്കി ജില്ല പ്രസിഡന്റ് കെ.എസ്.അജി, ജില്ല ജനറല്‍ സെക്രട്ടറി വി.എന്‍.സുരേഷ്, ജില്ല സെക്രട്ടറിയും ദേവികുളം മണ്ഡലം പ്രഭാരിയുമായ കെ.ആര്‍. സുനില്‍കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ അശോകന്‍, സിന്ധു പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാത്ത കുട്ടിക്ക് എംപി തന്നെ നേരിട്ടെത്തി ഫോണ്‍ നല്‍കിയിരുന്നു.
Post Your Comments