KeralaLatest News

ബാലികയ്ക്കും പിതാവിനും പിങ്ക് പോലീസിന്റെ പരസ്യ വിചാരണ, പ്രതിഷേധം ശക്തം: അപമാനിച്ചത് സത്യസന്ധതയ്ക്ക് സമ്മാനം ലഭിച്ചയാളെ

തനിക്കു ലഭിച്ച ഫോണിലേക്ക് തുടരെ കോളുകൾ വന്നെങ്കിലും കോൾ എടുക്കാനുള്ള സാങ്കേതിക അറിവ് ജയചന്ദ്രന് ഇല്ലായിരുന്നു.

ആറ്റിങ്ങൽ: ഇല്ലാത്ത മോഷണത്തിന്റെ പേരിൽ അധിക്ഷേപത്തിനിയരായ ടാപ്പിങ് തൊഴിലാളി ജയചന്ദ്രന്റേത് സത്യസന്ധതയ്ക്ക് സമ്മാനം ലഭിച്ച ചരിത്രം. രണ്ട് വർഷം മുൻപ് വേങ്ങോട് ജംഗ്‌ഷന് സമീപം ജയചന്ദ്രന് വഴിയിൽ കിടന്നു കിട്ടിയ വിലയേറിയ മൊബൈൽ ഫോൺ ഉടമയ്ക്ക് മടക്കി നൽകി ആളാണ് ഇദ്ദേഹം. വേങ്ങോട് വിവാഹ വീട്ടിൽ എത്തിയ യുവാക്കളുടെ ഫോണാണ് അന്നു നഷ്ടപ്പെട്ടത്. തനിക്കു ലഭിച്ച ഫോണിലേക്ക് തുടരെ കോളുകൾ വന്നെങ്കിലും കോൾ എടുക്കാനുള്ള സാങ്കേതിക അറിവ് ജയചന്ദ്രന് ഇല്ലായിരുന്നു.

ഒടുവിൽ ഫോണിൽ തെളിഞ്ഞ നമ്പർ തന്റെ മൊബൈലിൽ ഡയൽ ചെയ്ത് തിരികെ വിളിച്ചാണ് ഫോൺ കിട്ടിയ വിവരം അറിയിച്ചത്.ഫോൺ മടക്കി വാങ്ങാനെത്തിയ യുവാക്കൾ സമ്മാനവും നൽകിയാണ് അന്നു മടങ്ങിയത്. അതേസമയം ഇല്ലാത്ത മൊബൈൽ മോഷണത്തിന്റെ പേരിൽ പരസ്യ വിചാരണയും മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിച്ച ഫോൺ പിങ്ക് പൊലീസിന്റെ തന്നെ കാറിൽ നിന്ന് കണ്ടുകിട്ടുക കൂടി ചെയ്തതോടെ പൊലീസ് ഉത്തരമില്ലാതെ കുടുങ്ങി.

കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ മാല പിടിച്ചുപറിച്ചതും മൊബൈൽ കടയിൽ കയറി കവർച്ച നടത്തിയതും തന്റെ രൂപ സാദൃശ്യമുള്ളയാളാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായി ജയചന്ദ്രൻ പറഞ്ഞു. പേടിച്ചു കരഞ്ഞ കുട്ടിയെ കൂടി അവഗണിച്ച് പൊലീസ് നടത്തിയ പരസ്യ വിചാരണ വിഡിയോ വഴി പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷൻ ചെയർമാനും , ആറ്റിങ്ങൽ പൊലീസും വീട്ടിലെത്തി ബാലികയുടെ മൊഴിയെടുത്തു.

കുട്ടിക്ക് അടിയന്തിരമായി കൗൺസിലിങ്ങിന് കമ്മിഷൻ നിർദേശം നൽകി. സംഭവം സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി സുനീഷ് ബാബു പറഞ്ഞു. ഉന്നതാധികാരികൾക്ക് പരാതി നൽകാനാണ് പിതാവിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button