ന്യൂഡൽഹി: ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അഫ്ഗാനിസ്താനെ ഉദാഹരണമായി കാട്ടി ഭീഷണിയുമായി രംഗത്ത് വന്ന പി.ഡി.പി. അധ്യക്ഷ മെഹ്ബൂബ മുഫ്തിക്ക് മറുപടിയുമായി ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ്. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കില്ലെന്നും മെഹ്ബൂബ പകൽ സ്വപ്നം കാണുകയാണെന്നും അവരുടെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ് വ്യക്തമാക്കി.
‘പൊതുജനങ്ങൾ എപ്പോഴൊക്കെ ഇവർക്കെതിരെ പ്രതികരിച്ചിട്ടുണ്ടോ അപ്പോഴെല്ലാം അവർ ചൈനയുടെയും പാകിസ്താന്റെയും ഭാഷയിലാണ് അവരോട് മറുപടി പറയുന്നത്. ഇപ്പോൾ അവർ സംസാരിക്കുന്നത് താലിബാനെക്കുറിച്ചാണ്. ഇത് (പ്രധാനമന്ത്രി നരേന്ദ്ര മോദി) മോദി നടത്തുന്ന ഒരു രാഷ്ട്രമാണ്. രാജ്യത്ത് എന്തെങ്കിലും ദുരുപയോഗം ചെയ്‌താൽ അങ്ങനെ ചെയ്യുന്നവരെ ഒരു പാഠം പഠിപ്പിക്കും. പാകിസ്ഥാനെ ഇതിനകം ഒരു പാഠം പഠിപ്പിച്ചിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച കുല്‍ഗാമിലെ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് താലിബാനെ പ്രകീര്‍ത്തിച്ച് കൊണ്ട് മുഫ്തി അഭിപ്രായ പ്രകടനം നടത്തിയത്. അഫ്ഗാനിസ്താനിലെ സ്ഥിതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നുമാണ് മുഫ്തിയുടെ ആവശ്യം. അടല്‍ ബിഹാരി വാജ്പേയി ചെയ്തതുപോലെ ചര്‍ച്ചകള്‍ പുനഃരാരംഭിക്കണമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
‘നിങ്ങള്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. വാജ്പേയി എങ്ങനെയാണ് സമാധാന പ്രക്രിയ ആരംഭിച്ചത് എന്ന് നോക്കുക. നിങ്ങള്‍ കശ്മീരികളുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും നിങ്ങള്‍ കൊള്ളയടിച്ചതെല്ലാം തിരികെ നല്‍കുകയും വേണം. നോക്കൂ, എന്താണ് നമ്മുടെ അയല്‍പ്പക്കത്ത് (അഫ്ഗാനിസ്താന്‍) സംഭവിക്കുന്നത്. ശക്തരായ യു.എസ്. സൈന്യം താലിബാന്‍ കാരണം രാജ്യംവിട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കൂ’, എന്നായിരുന്നു മുഫ്തിയുടെ പ്രസ്താവന.
Post Your Comments