Latest NewsNewsFootballSports

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

റോം: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. യുവന്റസുമായുള്ള ചർച്ചക്കായി ക്രിസ്റ്റ്യാനോയുടെ ഏജന്റ് യോർഗെ മെൻഡസ് ടൂറിനിലെത്തിയതാണ് താരത്തിന്റെ ക്ലബ് മാറ്റം സംബന്ധിച്ച സൂചന ബലപ്പെടുത്തിയത്. സിറ്റിയിൽ ചേക്കേറുന്ന കാര്യം യുവന്റസിലെ സഹതാരങ്ങളോട് ക്രിസ്റ്റ്യാനോ പറഞ്ഞതായും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ക്രിസ്റ്റ്യാനോയുടെ ശമ്പള ഇനത്തിൽ വൻതുകയാണ് യുവന്റസ് ചെലവിടുന്നത്. താരത്തെ മറ്റൊരു ക്ലബ്ബിലേക്ക് കൈമാറുന്നതിലൂടെ ആഴ്ചയിൽ 500,000 പൗണ്ട്(അഞ്ച് കോടിയിലേറെ രൂപ) യുവന്റസിന് ലഭിക്കും. ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്റ്റ്യാനോയെ യുവന്റസിലേക്ക് എത്തിച്ചത്. ആ ലക്ഷ്യം സാധിക്കാത്തതിന് പുറമെ സീരി എ കിരീടവും യുവന്റസിന് നഷ്ടമായിരുന്നു.

സീരി എ കിരീടം വീണ്ടെടുക്കാൻ ക്രിസ്റ്റ്യാനോയുടെ സേവനം ആവശ്യമില്ലെന്നാണ് ക്ലബ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ 25 മില്യൺ യൂറോ (219 കോടിയോളം രൂപ) നൽകാൻ സന്നദ്ധരായ ക്ലബിന് ക്രിസ്റ്റ്യാനോയെ കൈമാറാനാണ് യുവന്റസിന്റെ നീക്കം. സൂപ്പർ താരത്തിനായി മാഞ്ചസ്റ്റർ സിറ്റി ഇത്രയും തുക ചെലവിടാൻ ഒരുക്കമാണെന്നാണ് വിവരം.

Read Also:- ആറ് വിക്കറ്റുമായി അവൻ ഇംഗ്ലണ്ടിന്റെ ഹീറോയാകും: പ്രവചിച്ച് കെവിൻ പീറ്റേഴ്സൺ

ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ ക്രിസ്റ്റ്യാനോ അതൃപ്തനാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 36കാരനായ ക്രിസ്റ്റ്യാനോയുടെ യുവന്റസുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കും. നേരത്തെ പിഎസ്ജിയുമായി ബന്ധപ്പെട്ടും റൊണാൾഡോയുടെ പേര് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടായില്ല. റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ വാരം റൊണാൾഡോ നിഷേധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button