ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ മറ്റൊരു പോര്‍ച്ചുഗല്‍ താരം കൂടി സൗദി അറേബ്യയിലേക്ക്. പോര്‍ച്ചുഗല്‍ ടീമിലെ റോണോയുടെ അടുത്ത സുഹൃത്ത് കൂടിയായ പെപ്പെയെ ആണ് റൊണാള്‍ഡോ അല്‍ നസ്റിലെത്തിക്കാന്‍ ശ്രമിക്കുന്നത്. അല്‍ നസ്റുമായി കരാറിലേര്‍പ്പെടുന്നതിനുള്ള പ്രാഥമിക ചര്‍ച്ചയില്‍ തന്നെ പെപ്പെയുടെ പേര് റൊണാള്‍ഡോ മുന്നോട്ടുവെച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ പോര്‍ട്ടോയുടെ സെന്‍റര്‍ ബാക്കായി കളിക്കുകയാണ് 39കാരനായ പെപ്പെ. അദ്ദേഹം ആഗ്രഹിക്കുന്ന കാലത്തോളം ക്ലബ്ബില്‍ തുടരാമെന്ന് പോര്‍ട്ടോ പ്രസിഡന്‍റ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിനിടെയാണ് പെപ്പെയെ അല്‍ നസ്റിലെത്തിക്കാന്‍ റൊണാള്‍ഡോ ശ്രമിക്കുന്നത്.
അടുത്ത മാസം 40 വയസ് തികയുന്ന പെപ്പെ ഇപ്പോഴും മികച്ച കായിക്ഷമത നിലനിര്‍ത്തുന്ന കളിക്കാരനാണ്. ലോകകപ്പില്‍ പോര്‍ച്ചുഗലിനായി പുറത്തെടുത്ത പ്രകടനത്തിലൂടെ അദ്ദേഹം അതിന് അടിവരയിടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോയുടെ നിര്‍ദേശത്തില്‍ അല്‍ നസ്റിനും താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ പി എസ് ജി താരം സെര്‍ജിയോ റാമോസിനെയും 2024ല്‍ ലൂക്ക മോഡ്രിച്ചിനെയും ക്ലബ്ബിലെത്തിക്കാനും അല്‍ നസ്ര്‍ നീക്കം നടത്തുന്നുണ്ട്.
അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നസ്റിൽ എത്തിയതോടെ പിഎസ്‌ജി താരം കിലിയന്‍ എംബാപ്പെ മറികടന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമെന്ന നേട്ടം സ്വന്തമാക്കി. സൗദി ക്ലബായ അൽ നസ്ര്‍ ഏകദേശം 1,950 കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്.
Read Also:- ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു: വി.ഡി സതീശൻ
128 മില്യന്‍ ഡോളറാണ് എംബാപ്പെയുടെ പ്രതിഫലം. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 120 മില്യണ്‍ ഡോളറാണ്. 2025 ജൂൺ വരെയുള്ള കരാറില്‍ 200 മില്യൺ യൂറോയ്ക്കാണ് റൊണാൾഡോ അൽ നസ്‌റിന്‍റെ ഒമ്പതാമത്തെ വിദേശ കളിക്കാരനായി സൗദിയില്‍ എത്തിയത്. പോര്‍ച്ചുഗീസ് ഇതിഹാസമായ റൊണാള്‍ഡോയെ കഴിഞ്ഞ ദിവസം അല്‍ നസ്ര്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.
Post Your Comments