ന്യൂഡല്‍ഹി: ചില ആസ്തികളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്ന് പണം സമാഹരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമര്‍ശിച്ച രാഹുല്‍ഗാന്ധിയോട് കോണ്‍ഗ്രസിന്റെ ഭരണ കാലത്തും ആസ്തികള്‍ വിറ്റഴിച്ചിരുന്നവുെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
കോണ്‍ഗ്രസിന്റെ കാലത്ത് നടന്ന ആസ്തി വിറ്റഴിക്കലുകള്‍ അഴിമതിയായിരുന്നോ എന്ന് സ്മൃതി ഇറാനി ചോദിച്ചു. മുംബൈ-പുണെ എക്സ്പ്രസ് വേ ആസ്തി വിറ്റഴിച്ചതിന്റെ ഭാഗമായി 8000 കോടിയാണ് കോണ്‍ഗ്രസിന്റെ ഭരണകാലത്ത് സമാഹരിച്ചത്.
മോദി സര്‍ക്കാരിന്റെ ധനസമാഹരണ പദ്ധതിയില്‍ വിയോജിപ്പുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് മുംബൈ-പുണെ എക്സ്പ്രസ് വേ ആസ്തി വില്‍പ്പനയിലൂടെ സമാഹരിച്ച 8000 കോടിയെക്കുറിച്ച് രാഹുല്‍ വിശദീകരിക്കണമെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുലിന്റെ അമ്മ രാജ്യത്തെ വിറ്റഴിക്കുകയായിരുന്നോ എന്നാണോ രാഹുല്‍ ആരോപിക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു. 70 വര്‍ഷം കോണ്‍ഗ്രസ് വിജയിച്ചിരുന്ന രാഹുലിന്റെ പഴയ മണ്ഡലമായ അമേഠിയില്‍ ഒരു ജില്ലാ ആശുപത്രി പോലും ഇല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
നിര്‍മലാ സീതാരാമന് കഴിഞ്ഞദിവസം പ്രഖ്യാപനം നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ഇന്ത്യ വില്പനയ്ക്ക് എന്ന ഹാഷ്ടാഗിൽ പ്രചാരണം ആരംഭിക്കുകയായിരുന്നു. എന്നാൽ ധനമന്ത്രി നിര്‍മലാ സീതാരാമന് കഴിഞ്ഞദിവസം പ്രഖ്യാപിച്ച പദ്ധതിയില്‍ റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതിനിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനാണ് നീക്കം.
നീതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളിലൂടെയാകും ഇവയില്‍ പലതും നടപ്പാക്കുകയെന്നാണ് ധനമന്ത്രി അറിയിച്ചത്. അതേസമയം, ഇവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയായിരിക്കുമെന്നും നിശ്ചിത കാലത്തിനുശേഷം തിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്യുമെന്നും അവകാശപ്പെടുന്നുണ്ട്.
Post Your Comments