Latest NewsIndia

ഇന്ന് കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും: പ്രതീക്ഷയോടെ രാജ്യം

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. മൂന്നാം മോജി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. ധനമന്ത്രി നിർമ്മല സീതാരാമന്റെ എട്ടാം ബജറ്റും. ഇന്നു രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. സാധാരണക്കാർക്കും ഇടത്തരക്കാർക്കും ​ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും എന്നാണ് സൂചന.പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു. ​

പ്രസംഗത്തിൽ എട്ടു തവണയാണ് ‘മിഡിൽ ക്ലാസ്’ എന്ന വാക്ക് രാഷ്ട്രപതി ആവർത്തിച്ചത്. ഇടത്തരക്കാർക്ക് ഐശ്വര്യമുണ്ടാകട്ടെയെന്ന ആശംസയാണ് പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേർന്നത്.അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിർത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്.

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായും പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേ‍ർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായും ഉയർത്തണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ട്. ആദായ നികുതി പുതിയ സ്കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. മന്ദീഭവിച്ച സാമ്പത്തിക വളർച്ചക്കിടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ഇടപെടലുണ്ടാകുമോയെന്നതും പ്രധാനമാണ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button