കൊല്ലം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ മൂലം സാമ്പത്തികമാന്ദ്യം ബാധിച്ച് ആത്മഹത്യ ചെയ്തത് പതിനെട്ടുപേരെന്ന് റിപ്പോർട്ട്. അതിജീവിക്കാൻ കഴിയാതെ ആത്മഹത്യ മാത്രം തിരഞ്ഞെടുക്കേണ്ടി വന്നവരാണ് ഇവർ. സർക്കാരിന്റെ അശാസ്ത്രീയമായ ലോക്ഡൗൺ നിയന്ത്രണങ്ങളാണ് ഇത്രത്തോളം ഭീകരമായ ഒരവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചതെന്നാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്. രണ്ടാംഘട്ട ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം മാത്രം 18 പേരാണ് ജീവനൊടുക്കിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ നന്തന്‍കോട് സ്വര്‍ണപ്പണിക്കാരന്‍ മനോജ്, ഭാര്യ രഞ്ജു, മകള്‍ അമൃത എന്നിവരാണ് 18 പേരില്‍ ആദ്യം ജീവനൊടുക്കിയവര്‍. പിന്നീട് ഇടുക്കിയിലെ പാമ്പാടുംപാറ ഏലം കര്‍ഷകന്‍ സന്തോഷ്, തിരുവനന്തപുരം ഗൗരീശപട്ടം ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ നിര്‍മല്‍ ചന്ദ്രന്‍, ആലപ്പുഴ മാന്നാര്‍ വിഷ്ണു പ്രസാദ്, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പാലക്കാട് വെണ്ണക്കരയിലെ പൊന്നുമണി, ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് ബേക്കറിയുടമ വിനോദ്, തൃശ്ശൂരില്‍ ഡ്രൈവര്‍ ശരത്, അച്ഛന്‍ ദാമോദരന്‍, വയനാട് അമ്പലവയലില്‍ ബസ്സുടമ പി.സി. രാജാമണി, തിരുവനന്തപുരം തച്ചോട്ടുകാവിലെ സ്റ്റേഷനറിക്കടയുടമ എസ്. വിജയകുമാര്‍, പാലക്കാട് പല്ലശന ചെറുകിട കര്‍ഷകന്‍ കണ്ണന്‍കുട്ടി, കൊല്ലം കൊട്ടിയത്ത് മോഹനന്‍ പിള്ള, തിരുവനന്തപുരം വിളപ്പില്‍ശാല ക്ഷീരകര്‍ഷകന്‍ ശ്രീകാന്ത്, കോട്ടയം കല്ലറ ടൂറിസ്റ്റ് ബസ്സുടമ വി. മോഹനന്‍, വടകരയില്‍ ചായക്കടയുടമ മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണന്‍ എന്നിവരാണ് ജീവനൊടുക്കിയ മറ്റ് 17 പേര്‍.
ലോക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിട്ടും ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറായിരുന്നില്ല. കിറ്റ് കൊടുത്തത് കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകില്ലെന്ന് ജനങ്ങളുടെ വിമർശനമുണ്ടായിട്ടും സർക്കാർ അതൊന്നും മുഖവിലയ്ക്കെടുത്തില്ല. ലോണുകളും മറ്റു കടബാധ്യതകളും, ചിട്ടികളുമെല്ലാം ഉൾപ്പെട്ട മനുഷ്യർ അതിജീവിക്കാനാവാതെ ഇപ്പോഴും കഷ്ടതകൾ അനുഭവിക്കുകയാണ് കേരളത്തിൽ.
Post Your Comments