Latest NewsKeralaNews

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് എറണാകുളത്ത് തുടക്കം

കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും. ‘എന്റെ കേരളം’ 2023 പ്രദർശന-വിപണന-കലാമേള എറണാകുളം മറൈൻഡ്രൈവ് മൈതാനിയിൽ വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെയാണ് കലാമേള സംഘടിപ്പിക്കുന്നത്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള. ഉദ്ഘാടനം സമ്മേളനത്തിൽ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, പി.രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കൊച്ചി മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി ഗണേശ് കുമാർ, കെ.പി മോഹനൻ, കോവൂർ കുഞ്ഞുമോൻ എന്നിവർ പ്രസംഗിക്കും. ജില്ലയിൽ നിന്നുള്ള എം.പിമാരും എം.എൽ.എമാരുമടക്കമുള്ള ജനപ്രതിനിധികൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. 63680 ചതുരശ്രഅടി വിസ്തീർണത്തിൽ ഒരുങ്ങുന്ന മേളയിൽ വിവിധ സർക്കാർ വകുപ്പുകളുടെ 36 തീം സ്റ്റാളുകൾ ഉൾപ്പെടെ 170 സ്റ്റാളുകൾ അണിനിരക്കുന്നുണ്ട്.

സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദർശനത്തിൽ വ്യവസായ വകുപ്പിന് കീഴിലെ എംഎസ്എംഇ യൂണിറ്റുകൾ, കുടുംബശ്രീ, സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിവരും പങ്കെടുക്കുന്നുണ്ട്. വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് ക്ലിനിക്കുകൾ, ടെക്നോളജി പ്രദർശനം, ചർച്ചാവേദി, ഭക്ഷ്യമേള എന്നിവയോടെയാണ് മെഗാ എക്സിബിഷൻ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങൾ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button