
കാബൂൾ : അഫ്ഗാനിസ്താനിൽ നരനായാട്ട് നടത്തി ജനങ്ങളെ കൊന്നൊടുക്കുന്ന താലിബാനെ ലോകരാജ്യങ്ങൾ അംഗീകരിക്കരുതെന്ന് അപേക്ഷിച്ച് അഫ്ഗാൻ പോപ് താരം ആര്യാന സയീദ്. താലിബാൻ ഭീകരർ മുസ്ലീങ്ങളല്ലെന്നും അവരെ അങ്ങനെ വിളിക്കരുതെന്നും ആര്യാന പറയുന്നു. ഐക്യം, മാനവികത, സമാധാനം എന്നിവയെ കുറിച്ചാണ് ഇസ്ളാം പറയുന്നതെന്നും സ്ത്രീകളെ വെടിവെച്ച് കൊല്ലാൻ ഇസ്ളാം ആഹ്വാനം ചെയ്യുന്നില്ലെന്നും ആര്യാന ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. താലിബാൻ ഭീകരർ അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ ആര്യാന സയീദ് രാജ്യം വിട്ടിരുന്നു.
‘താലിബാൻ ഇസ്ലാമിന്റെ യഥാർത്ഥ അർത്ഥം പിന്തുടരുന്നവരല്ല. അവർ മുസ്ലീം അല്ല. ഇസ്ലാം പറയുന്നത് ഐക്യം, മാനവികത, സമാധാനം എന്നിവയെക്കുറിച്ചാണ്. സ്ത്രീകളുടെ തലയ്ക്ക് വെടിവെച്ച് അവരെ കൊല്ലാൻ ഇസ്ളാം ആവശ്യപ്പെടുന്നില്ല. ഖുർആൻ വായിക്കാൻ അവരോട് ആവശ്യപ്പെട്ടാൽ അവർക്കു അത് ചെയ്യാൻ കഴിയില്ല എന്ന് മനസിലാകും. അവർക്ക് കലിമ അറിയില്ല. അവർക്ക് ഇസ്ളാമിനെകുറിച്ച് യാതൊരു ധാരണയുമില്ല’, ആര്യാന കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥയ്ക്ക് കാരണം പാകിസ്താനാണെന്നും ആര്യന സയീദ് കുറ്റപ്പെടുത്തി. താലിബാൻ യഥാർത്ഥത്തിൽ പാകിസ്താന്റേതാണെന്നും അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങൾക്ക് കാരണം പാകിസ്താൻ ആണെന്നും ആര്യാന പറയുന്നു. പാകിസ്താന്റെ യഥാർത്ഥ മുഖം ലോകം അറിയണമെന്നാണ് പോപ് താരം വ്യക്തമാക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുമെന്നും പുതിയ ഭരണ കൊണ്ടുവരുമെന്നുമുള്ള വാഗ്ദാനങ്ങൾ താലിബാന്റെ തന്ത്രമാണെന്നും ലോകരാജ്യങ്ങൾ അവരെ അംഗീകരിക്കരുത് എന്നും ആര്യാന സയീദ് ആവശ്യപ്പെട്ടു.
അഫ്ഗാനിൽ നിന്ന് യുഎസ് വ്യോമസേനയുടെ സി-17 വിമാനത്തിൽ കയറി രക്ഷപ്പെട്ട താൻ ഇപ്പോൾ വിഷിംഗ്ടൺ ഡിസിയിലാണെന്നും ആര്യാന സയീദ് വ്യക്താമാക്കി. താലിബാൻ ഭീകരരെ തന്നെ ലക്ഷ്യമിട്ടെന്ന് വിവരം ലഭിച്ചതോടെയാണ് അഫ്ഗാനിൽ നിന്ന് രക്ഷപ്പെട്ടത്. ഒരു വസ്ത്രവും തന്റെ പഴ്‌സും മാത്രമാണ് രാജ്യംവിടുമ്പോൾ കയ്യിൽ കരുതിയിരുന്നത് എന്നും ആര്യാന സയീദ് വെളിപ്പെടുത്തി.
Post Your Comments