കണ്ണൂർ: വാരിയംകുന്നൻ കേരളത്തിലെ ആദ്യത്തെ താലിബാൻ തലവനാണെന്ന പ്രസ്താവനയിൽ ഉറച്ച് എ പി അബ്‌ദുള്ളക്കുട്ടി. വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവൻ ആണെന്നും ജമാഅത്തെ ഇസ്ളാമി ജൂനിയർ താലിബാനിസമാണ് നടപ്പിലാക്കുന്നതെന്നും അബ്‌ദുള്ളക്കുട്ടി ആരോപിച്ചു. ഇ.എം.എസ് നമ്പൂതിരിപ്പാടും കുടുംബവും വാരിയംകുന്നന്റെ അക്രമത്തിന്റെ ഇരകളാണ് എന്ന് മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നു വാരിയംകുന്നനെന്ന് അടുത്തിടെ അബ്‌ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു. വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു. വാരിയം കുന്നന് സ്മാരകം പണിയാൻ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസ്സിലാക്കണമെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. സ്പീക്കർ എം. ബി രാജേഷ് വാരിയംകുന്നനെ ഭഗത് സിങ്ങുമായി താരതമ്യം ചെയ്തതും വിവാദമായിരുന്നു.
‘താലിബാനിസം കേരളത്തിലും ആവർത്തിക്കും. കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണ്. അഫ്ഗാനിസ്ഥാനിൽ കാണുന്നത് നബിവചനത്തിന് എതിരായ പ്രവർത്തനമാണ്. കേരളം മറ്റൊരു സിറിയയും അഫ്ഗാനിസ്ഥാനും ആയി മാറാതിരിക്കാൻ സമസ്തയുൾപ്പെടെയുള്ള ഇസ്ലാം മത നേതാക്കൾ പ്രതികരിക്കണ’മെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
സംവിധായകൻ ആഷിഖ് അബു നേരത്തെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കാൻ തീരുമാനിച്ചിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിനെയാണ് നായകനായി പരിഗണിച്ചിരുന്നത്. ഇതേ തുടർന്നായിരുന്നു വിവാദം പൊട്ടിപ്പുറപ്പെട്ടത്. വാരിയംകുന്നൻ വംശഹത്യ നടത്തിയയാളെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം. അങ്ങിനെയല്ലെന്ന നിലപാടുമായി സിപിഎം നേതാക്കളടക്കം രംഗത്ത് വരികയും ചെയ്തു.
Post Your Comments