ജിതിൻ പ്രസാദടക്കമുള്ള പ്രമുഖർ യോഗി മന്ത്രിസഭയിലേക്ക്? കളമൊരുക്കി ബിജെപി

അമിത് ഷായുടെ യോഗത്തിൽ മന്ത്രിസഭാ വിപുലീകരണത്തെ കുറിച്ചുള്ള തീരുമാനത്തിന് പുറമേ, സഖ്യകക്ഷികളെ കൂടെ നിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.

ന്യൂഡൽഹി: കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ജിതിൻ പ്രസാദ, ബ്രാഹ്മണ നേതാവ് ലക്ഷ്മികാന്ത് ബാജ്‌പേയ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തൻ എ.കെ.ശർമ എന്നിവരെ ഉത്തർപ്രദേശ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നു സൂചന. സംസ്ഥാനത്ത് ആറു മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ നിർണായക നീക്കം.

സർക്കാരിനെതിരെ ഉത്തർപ്രദേശിലെ ബ്രാഹ്മണ സമുദായത്തിൽ അസംതൃപ്തി വർധിക്കുന്നതായുള്ള വിലയിരുത്തലിനെ തുടർന്നാണ് നടപടി. ബ്രാഹ്മണ സമുദായത്തിൽനിന്നുള്ള മൂന്നു പേർക്കു പുറമേ, മറ്റു സമുദായങ്ങളിൽനിന്നുള്ള രണ്ടോ മൂന്നോ പേരെയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും. നിലവിൽ 53 മന്ത്രിമാരുള്ള ഉത്തർപ്രദേശ് മന്ത്രിസഭയില്‍ ഏഴു പേരെക്കൂടി ഉൾക്കൊള്ളിക്കാൻ കഴിയും.

Read Also: ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ കോവിഡ് വാക്സിന് അനുമതി നൽകി ഇന്ത്യ

കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ പിന്തുണച്ച യാദവ് ഇതര പിന്നാക്ക വിഭാഗങ്ങളെയും ജാതവ് ഇതര പട്ടിക വിഭാഗങ്ങളെയും തൃപ്തിപ്പെടുത്താനും ബിജെപി ശ്രമമുണ്ട്. വ്യാഴാഴ്ച, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹത്തിന്റെ വസതിയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുതിർന്ന പാർട്ടി ഭാരവാഹികളായ സുനിൽ ബൻസാൽ, സ്വതന്ത്ര ദേവ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അമിത് ഷായുടെ യോഗത്തിൽ മന്ത്രിസഭാ വിപുലീകരണത്തെ കുറിച്ചുള്ള തീരുമാനത്തിന് പുറമേ, സഖ്യകക്ഷികളെ കൂടെ നിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി. സഖ്യത്തിൽ മുഖ്യമന്ത്രിക്കെതിരായ മുറുമുറുപ്പുകൾ ഉയർന്ന സാഹചര്യത്തിലാണിത്. ഈ വർഷത്തിന്റെ തുടക്കത്തിൽ, എല്ലാവരെയും കൂടെനിർത്താൻ മുഖ്യമന്ത്രിക്ക് കഴിവില്ലെന്നു സൂചിപ്പിക്കുന്ന അഭിപ്രായങ്ങൾ വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്നത് ബിജെപിയെ വെട്ടിലാക്കിയിരുന്നു.

 

Share
Leave a Comment