തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നു. റിസർവ് ബാങ്കിന്റെ പേരിൽ ഫണ്ട് വിതരണം, ലോട്ടറി സമ്മാനം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. അടിയന്തര ലോണുകൾ അനുവദിച്ചെന്ന നിലയിൽ സന്ദേശം അയച്ച് പണം തട്ടിയെടുക്കലും പതിവാണ്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആർബിഐയും പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾക്കായി ആർബിഐ പ്രത്യേക അക്കൗണ്ട് നമ്പർ നൽകിയിട്ടുണ്ടെന്നും നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ ഉൾപ്പെടെ പുതിയ അക്കൗണ്ടിൽ ലയിപ്പിക്കുമെന്നുമാണ് സന്ദേശം. ഇത് വിശ്വസിച്ച പലരും കബളിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ആർബിഐയും പോലീസും ജാഗ്രത നിർദ്ദേശവുമായി മുന്നോട്ടു വന്നത്.
ജനങ്ങൾക്കായി ഒരു വ്യക്തിഗത അക്കൗണ്ടും നൽകിയിട്ടില്ലെന്നും ഇത്തരത്തിൽ ഏതെങ്കിലും എസ്എംഎസ് കത്ത് ഇ മെയിൽ എന്നിങ്ങനെ യാതൊന്നും അയക്കാറില്ലെന്നും https://rbi.org.in/ ആണ് ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റെന്നും ബാങ്ക് വിശദീകരിച്ചു. എമർജൻസി ലോണുകൾ അനുവദിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ, ഇ മെയിലുകൾ, ഫോൺ കോളുകൾ എന്നിവ ഒഴിവാക്കണമെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments