പുത്തൂര്‍: വ്യത്യസ്തമായി ഓണമാഘോഷിക്കാൻ തീരുമാനിച്ച ഒരു നാടുണ്ട് നമ്മുടെ കേരളത്തിൽ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് നിത്യച്ചെലവിന് പോലും വഴിമുട്ടിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് 300 രൂപയുടെ ഇന്ധനം ഇവിടെ സൗജന്യമായി നല്‍കുന്നു. ‘സ്നേഹത്തുള്ളികള്‍ ‘എന്ന പദ്ധതിയുമായി പുത്തൂര്‍ കേന്ദ്രമായ കനിവ് സൗഹൃദക്കൂട്ടായ്മയുടേതാണ് ഈ വേറിട്ട ഓണാഘോഷം. സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഈ ഓണാഘോഷം വലിയ ചർച്ചയായിട്ടുണ്ട്.
Also Read:താലിബാനെ ന്യായീകരിച്ച സമാജ്‌വാദി പാർട്ടി എം.പി ക്കെതിരെ രാജ്യദ്രോഹക്കേസ്
പ്രതിസന്ധികാലത്തെ കരുതലായി വേണം ഈ ഓണാഘോഷത്തെ നമ്മൾ കാണേണ്ടത്. പുത്തൂര്‍ ചന്തമുക്ക്, മണ്ഡപം സ്റ്റാന്‍ഡുകളിലെ ഓട്ടോറിക്ഷകള്‍ക്കാണ് സൗജന്യമായി ഇന്ധനം നല്‍കുക. ഈ പദ്ധതിയില്‍ ഇരുനൂറോളം ഓട്ടോറിക്ഷകള്‍ ഇതിനകം റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ധനം സ്വീകരിക്കുന്ന ഓട്ടോറിക്ഷകള്‍ ഇന്നോ നാളെയോ തങ്ങളുടെ ഓട്ടോയില്‍ കയറുന്ന 2 യാത്രക്കാര്‍ക്ക് 50 രൂപ വീതം യാത്രക്കൂലിയില്‍ ഇളവു നല്‍കണമെന്നും നിബന്ധനയുണ്ട്.
തുടർന്ന് പദ്ധതിയില്‍ പങ്കാളികളാകുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെയും യാത്രികരുടെയും പേരുകള്‍ നറുക്കിട്ടെടുക്കും. ഇരു വിഭാഗത്തിലും ഓരോരുത്തര്‍ക്ക് ഓണസമ്മാനം നല്‍കുമെന്നും കനിവിന്റെ ഭാരവാഹികള്‍ അറിയിച്ചു. ജീവിതം നഷ്ടപ്പെട്ട അനേകം മനുഷ്യർക്ക് കൈത്താങ്ങാവുക എന്നതാണ് പദ്ധതിയിലൂടെ കനിവ് ലക്ഷ്യമിടുന്നത്.
Post Your Comments